അറബിക്കടലില്‍നിന്ന് ചരക്കുകപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; കപ്പലില്‍ 15 ഇന്ത്യക്കാര്‍

ഐ.എൻ.എസ് ചെന്നൈ (ഫയൽ ചിത്രം)  | Photo:AFP
ഐ.എൻ.എസ് ചെന്നൈ (ഫയൽ ചിത്രം) | Photo:AFP

ന്യൂഡല്‍ഹി: അറബിക്കടലിൽ സൊമാലിയൻ തീരത്ത് നിന്നും ചരക്കുകപ്പൽ തട്ടിയെടുത്തു. ലൈബീരിയന്‍ പതാകയുള്ള എം.വി ലില നോർഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്. സായുധരായ ആറ് കൊള്ളക്കാര്‍ ചേര്‍ന്ന് വ്യാഴാഴ്ച വെെകീട്ടാണ് കപ്പല്‍ റാഞ്ചിയത്.

കപ്പലിൽ 15 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തില്‍ നിരീക്ഷണം ആരംഭിച്ചതായി ഇന്ത്യന്‍ നാവികസേന അറിയിച്ചു. തട്ടിയെടുത്ത കപ്പലിന് ആവശ്യമായ രീതിയിൽ സഹായമെത്തിക്കുന്നതിനായി ഐഎൻഎസ് ചെന്നൈയേയും എം.പി.എയും(മാരിടെെം പട്രോൾ എയർക്രാഫ്റ്റ്) 
വിന്യസിച്ചിട്ടുണ്ട്.

തട്ടിയെടുത്ത കപ്പലിനെ മറികടന്ന് വെള്ളിയാഴ്ച രാവിലെയോടെ പറന്ന വിമാനം ജീവനക്കാർ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തി. കപ്പലിന്റെ നീക്കം എം.പി.എ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. പ്രദേശത്തെ മറ്റ് ഏജൻസികളുമൊത്ത് ഏകോപനത്തോടെ സ്ഥിതി​ഗതികൾ പരിശോധിച്ച് വരികയാണെന്നും നാവികസേന പ്രസ്താവനയിലൂടെ വ്യക്തമാക്കി. 

കപ്പല്‍ റാഞ്ചിയെന്ന സന്ദേശം ലഭിച്ചയുടന്‍ ഇന്ത്യന്‍ നാവികസേന നടപടികള്‍ ആരംഭിച്ചിരുന്നു. കപ്പല്‍ റാഞ്ചിയെന്ന സന്ദേശം ലഭിച്ചയുടന്‍ ഇന്ത്യന്‍ നാവികസേന നടപടികള്‍ ആരംഭിച്ചിരുന്നു. ഐഎന്‍എസ് ചെന്നൈയെ വഴിതിരിച്ചുവിടകയും സമുദ്ര പട്രോളിങ് വിമാനത്തെ നിരീക്ഷണത്തിനായി നിയോഗിക്കുകയും ചെയ്തിരുന്നു.
 

Content Highlights: INS Chennai moving towards hijacked vessel off Somalia coast, 15 Indians aboard