ഡ്രൈവര്‍ മദ്യലഹരിയില്‍; നിയന്ത്രണംവിട്ട ട്രക്കിടിച്ച് മൂന്ന് മരണം

അപകടത്തെത്തുടർന്ന് ട്രക്കിന് തീ പിടിച്ചപ്പോൾ. Photo Courtesy: Screengrab/X
അപകടത്തെത്തുടർന്ന് ട്രക്കിന് തീ പിടിച്ചപ്പോൾ. Photo Courtesy: Screengrab/X

ഇന്ദോര്‍: മദ്യലഹരിയിലായിരുന്ന ആള്‍ ഓടിച്ച ട്രക്ക് നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ ഇടയിലേ്ക്ക് പാഞ്ഞുകയറി മൂന്ന് പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. മധ്യപ്രദേശ് ഇന്ദോറിലെ എയര്‍പോര്‍ട്ട് റോഡിലുള്ള ശിക്ഷക് നഗറിലാണ് സംഭവം. മൃതദേഹങ്ങളും പരിക്കേറ്റവരും റോഡില്‍ ചിതറിക്കിടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ പത്തിലേറെ വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. അപകടത്തിനുശേഷം ട്രക്കിന് തീപ്പിടിക്കുകയും ചെയ്തു.

നിയന്ത്രണം വിട്ട ട്രക്ക് ആദ്യം രാമചന്ദ്ര നഗറിലെ ട്രാഫിക് ജങ്ഷനിലെ രണ്ട് ബൈക്കുകളിലാണ് ഇടിച്ചത്. അടിയില്‍ കുടുങ്ങിപ്പോയ ഈ ബൈക്കുകളെയും വലിച്ചുകൊണ്ട് ട്രക്ക് തിരക്കേറിയ റോഡിലൂടെ മുന്നേറി. അമിതവേഗതയില്‍ വരുന്ന ട്രക്ക് നിര്‍ത്താന്‍ ആളുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതിനുശേഷമാണ് നിയന്ത്രണം വിട്ട്  വഴിയാത്രക്കാര്‍ക്കിടയി  ലേയ്ക്ക് പാഞ്ഞുകയറിയത്. ബൈക്കുകളുടെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചാണ് ട്രക്കിലേയ്ക്ക് തീ പടര്‍ന്നത്.

സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദമായ അന്വേഷണം നടത്താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ഉത്തരവിട്ടിട്ടുണ്ട്.
 

Content Highlights: A drunk driver lost control of a truck, plowing into pedestrians in Indore, killing 3 and injuring 9