പ്രവഹിച്ചത് 100 കോടി വോൾട്ട്, എന്നിട്ടും സുരക്ഷിതരായി ഇൻഡിഗോയിലെ യാത്രക്കാർ; ‘ഫാരഡെ കേജ്’ എന്ന രക്ഷാകവചം

ലഖ്‌നൗ: പട്നയിൽനിന്ന് ലഖ്‌നൗവിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിൽ 17,000 അടി ഉയരത്തിൽവെച്ച് ശക്തമായ ഇടിമിന്നലേറ്റതും തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതും ബുധനാഴ്ച വൈകുന്നേരമാണ്. 100 കോടി വോൾട്ട് വൈദ്യുതിയാണ് ഇടിമിന്നലിൽ പ്രവഹിച്ചത്. എന്നിട്ടും വിമാനത്തിലുണ്ടായിരുന്ന 110 പേരും യാതൊരു പരിക്കുമില്ലാതെ രക്ഷപ്പെട്ടു. മുൻഭാഗത്ത് ചെറിയ തകരാർ സംഭവിച്ചെങ്കിലും വിമാനത്തിന് മറ്റൊരു കേടുപാടും ഉണ്ടായില്ല. ഇലക്ട്രോണിക് സംവിധാനങ്ങൾക്കൊന്നും ചെറിയൊരു ആഘാതം പോലും ഏറ്റില്ല. എന്തുകൊണ്ടായിരിക്കും ഇത്? എങ്ങനെയായിരിക്കും വിമാനം ഇടിമിന്നലിനെ അതിജീവിച്ചത്? 'ഫാരഡെ കേജ്' എന്ന ശാസ്ത്രീയ തത്വവും ഏവിയേഷൻ എഞ്ചിനീയറിങ്ങിന്റെ സുരക്ഷാ രൂപകൽപനയുമാണ് ഇതിനു പിന്നിൽ.
1836-ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മൈക്കൽ ഫാരഡെ ആണ് പിന്നീട് ‘ഫാരഡെ കേജ്’ എന്നറിയപ്പെട്ട ഈ പ്രതിഭാസം കണ്ടെത്തിയത്. ‘ഇലക്ട്രോമാഗ്നറ്റിക് ഷീൽഡിങ്’ എന്ന തത്വമാണ് ഇതിനു പിന്നിൽ. ഒരു ഫാരഡെ കേജിന് (ലോഹ കവചത്തിന്) പുറത്ത് ഒരു വൈദ്യുതമണ്ഡലം ഉണ്ടാകുമ്പോൾ ലോഹ ആറ്റങ്ങളിലെ സ്വതന്ത്ര ഇലക്ട്രോണുകൾ അതിവേഗം ചലിച്ച് വിപരീത ദിശയിൽ ക്രമീകരിക്കപ്പെടുന്നു. ഇലക്ട്രോണുകളുടെ ഈ നീക്കം കാരണം ലോഹകവചത്തിൽ, പുറത്തുനിന്ന് വന്ന ഇലക്ട്രിക് ഫീൽഡിന് നേരെ വിപരീത ദിശയിൽ രണ്ടാമതൊരു ഇലക്ട്രിക് ഫീൽഡ് രൂപപ്പെടുന്നു. അതോടെ, പുറത്തുനിന്നുള്ള ഇലക്ട്രിക് ഫീൽഡും ഉള്ളിൽ രൂപപ്പെട്ട വിപരീത ഇലക്ട്രിക് ഫീൽഡും പരസ്പരം റദ്ദാക്കപ്പെടുന്നു. ഇതിന്റെ ഫലമായി ലോഹ കവചത്തിനുള്ളിലെ ഇലക്ട്രിക് ഫീൽഡ് പൂജ്യമായി മാറുകയും ഉള്ളിൽ അപായരഹിതമായ ഒരു 'ഫീൽഡ്-ഫ്രീ സോൺ' ഉണ്ടാകുകയും ചെയ്യുന്നു.
വിമാനത്തിന്റെ പ്രധാന ഉടൽഭാഗമെല്ലാം വൈദ്യുതി കടന്നുപോകുന്ന ലോഹസങ്കരങ്ങളോ ചെമ്പ് ചാലകങ്ങളോ കൊണ്ട് പൊതിഞ്ഞാണ് നിർമിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, വിമാനത്തിലേക്ക് മിന്നലടിക്കുമ്പോൾ ഉണ്ടാകുന്ന വൻ വൈദ്യുതി പ്രവാഹം ഉള്ളിലേക്ക് കടക്കാതെ പുറംചട്ടയിലൂടെ മാത്രം സഞ്ചരിക്കുന്നു. തുടർന്ന് ചിറകുകളുടെ പിൻഭാഗത്തുള്ള സ്റ്റാറ്റിക് ഡിസ്ചാർജർ വിക്കുകളിലൂടെ ഈ വൈദ്യുതി സുരക്ഷിതമായി പുറത്തേക്ക് പോകുന്നു. ഇത് ക്യാബിനുള്ളിലെ യാത്രക്കാരെയും ഇന്ധന ടാങ്കുകളെയും വിമാനത്തിന്റെ ഇലക്ട്രോണിക് സംവിധാനങ്ങളെയും സംരക്ഷിക്കുന്നു.
ഈ സംവിധാനമുണ്ടായിരുന്ന ഇൻഡിഗോ വിമാനത്തിന്റെ മുൻഭാഗത്തെ നോസ് കോൺ (റഡാം) തകർന്നതിനുപിന്നിലും കാരണമുണ്ട്. വിമാനത്തിന്റെ മറ്റു ഭാഗങ്ങൾ ലോഹങ്ങൾകൊണ്ട് നിർമിക്കുമ്പോൾ, നോസ് കോൺ നിർമിച്ചിരിക്കുന്നത് ഫൈബർഗ്ലാസ് പോലുള്ള അലോഹ സാമഗ്രികൾ കൊണ്ടാണ്. മഴമേഘങ്ങളും കൊടുങ്കാറ്റും കണ്ടെത്താനുള്ള വെതർ റഡാർ സ്ഥാപിച്ചിരിക്കുന്നത് ഈ നോസ് കോണിനുള്ളിലാണ്. നോസ് കോണിൽ ലോഹ ആവരണമുണ്ടെങ്കിൽ അത് റഡാറിന്റെ മൈക്രോവേവ് സിഗ്നലുകളെ തടസ്സപ്പെടുത്തും. ഇത്തരത്തിൽ ചാലക പാളി ഇല്ലാത്തതിനാൽ മിന്നൽ പതിക്കുമ്പോൾ ഉണ്ടാകുന്ന കടുത്ത ചൂടും സമ്മർദവും കാരണം നോസ് കോണിന് കേടുപാടുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്.
ലഖ്‌നൗവിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതിനുശേഷം തകർന്ന റഡാം മാറ്റിസ്ഥാപിക്കാനും ആന്തരിക വയറിങ്ങിന്റെ സുരക്ഷ ഉറപ്പാക്കാനും സ്റ്റാറ്റിക് ഡിസ്ചാർജ് വിക്കുകൾ പരിശോധിക്കാനും ഗ്രൗണ്ട് എഞ്ചിനീയർമാർ നടപടി ആരംഭിച്ചിട്ടുണ്ട്. ലഖ്‌നൗവിൽനിന്ന് അഹമ്മദാബാദിലേക്ക് തുടർസർവീസ് നടത്തേണ്ടിയിരുന്ന വിമാനം റദ്ദാക്കിയതിനെ തുടർന്ന്, യാത്രക്കാരെ മറ്റൊരു വിമാനത്തിൽ അഹമ്മദാബാദിലേക്ക് എത്തിക്കുകയുംചെയ്തു.
Content Highlights: An IndiGo flight from Patna to Lucknow was struck by lightning at 17,000 feet, damaging the nose cone but landing safely with no injuries., Aircraft use the 'Faraday Cage' principle, routing electrical current safely through the exterior shell and out via static discharger wicks., Non-metallic radomes are prone to damage during lightning strikes because they allow radar signals to pass through while protecting internal avionics., The aircraft was grounded for comprehensive structural and electronic inspections by DGCA and engineers following the incident.