പറന്നുയർന്നതിന് പിന്നാലെ സാങ്കേതിക തകരാർ; ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

പുണെ: പറന്നുയർന്നതിന് പിന്നാലെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഇൻഡിഗോ വിമാനം പുണെ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. ഞായറാഴ്ച രാവിലെ പുണെയിൽനിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6E 0623 (VT-IZE) വിമാനത്തിലാണ് ലാൻഡിങ് ഗിയറിൽ തകരാർ കണ്ടെത്തിയത്. രാവിലെ 9.04-ന് വിമാനം സുരക്ഷിതമായി നിലത്തിറക്കി. യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 192 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് ഇൻഡിഗോ അറിയിച്ചു.
വിമാനം പറന്നുയർന്നതിന് പിന്നാലെ ലാൻഡിങ് ഗിയർ മടങ്ങാതെ പുറത്തുതന്നെ തുടരുന്നതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ എയർഫോഴ്സ് വിമാനത്താവളത്തിൽ പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും എടിസി, ഇൻഡിഗോ എന്നിവരുമായി ഏകോപിപ്പിച്ച് അഗ്നിശമന സേന, ആംബുലൻസുകൾ, അടിയന്തര രക്ഷാസംഘങ്ങൾ എന്നിവരെ സജ്ജരാക്കുകയും ചെയ്തു.
വിമാനം തിരിച്ചിറക്കുന്നതിന് മുമ്പ് ലാൻഡിങ് ഗിയറിന്റെ അവസ്ഥ പരിശോധിക്കുന്നതിനായി റൺവേയ്ക്ക് മുകളിലൂടെ വിമാനം താഴ്ന്ന് പറന്നു. അധികൃതർ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് വിമാനം വീണ്ടും വിമാനത്താവളത്തിലെത്തി സുരക്ഷിതമായി ഇറങ്ങിയത്. ലാൻഡിങ്ങിന് പിന്നാലെ മൂന്ന് അഗ്നിശമന വാഹനങ്ങളും രണ്ട് ആംബുലൻസുകളും വിമാനത്തെ ഏഴാം ബേയിലേക്ക് അനുഗമിച്ചു. വിമാനം സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് രാവിലെ 9.10-ന് എടിസി അടിയന്തരാവസ്ഥ പിൻവലിച്ചു.
തുടർന്ന് യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി പുറത്തിറക്കി. യാത്രക്കാരെ ഗുവാഹത്തിയിലെത്തിക്കുന്നതിനായി ബെംഗളൂരുവിൽനിന്ന് മറ്റൊരു വിമാനം പുണെയിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഇൻഡിഗോ ആരംഭിച്ചിട്ടുണ്ട്. വിമാനത്താവള അധികൃതർ, വ്യോമസേന, എടിസി, ഇൻഡിഗോ, മറ്റ് അടിയന്തര പ്രതികരണ വിഭാഗങ്ങൾ എന്നിവയുടെ ഏകോപനത്തിലൂടെയാണ് സുരക്ഷാ നടപടികൾ പൂർത്തിയാക്കിയതെന്ന് പുണെ വിമാനത്താവള അധികൃതർ അറിയിച്ചു.
Content Highlights: Indigo flight 6E 0623 faced a landing gear issue right after takeoff from Pune., All 192 passengers and crew members are safe after a successful emergency landing., Indian Air Force declared a full emergency at Pune airport as a safety precaution., Alternative arrangements were made to transport passengers to Guwahati.