ഒമാൻ കടലിടുക്കിലെ യുഎസ് ആക്രമണം: കാണാതായ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

Photo: 'X' @ANI
Photo: 'X' @ANI

ന്യൂഡൽഹി: ഒമാൻ കടലിടുക്കിൽ പലാവു പതാകയുള്ള എംടി സെറ്റെബെല്ലോ എന്ന ടാങ്കറിന് നേരെയുണ്ടായ യുഎസ് സൈനികാക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്. 21 പേരെ രക്ഷപ്പെടുത്തി.

ടാങ്കർ തങ്ങളുടെ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും ഇറാനിൽ നിന്നുള്ള എണ്ണ കടത്തുകയായിരുന്നുവെന്നും ആരോപിച്ചാണ് അമേരിക്കൻ സൈന്യം കപ്പലിന് നേരെ 'പ്രിസിഷൻ സ്ട്രൈക്ക്' നടത്തിയത്. ഇന്ത്യൻ നാവികരുടെ മരണത്തിന് പിന്നാലെ ന്യൂഡൽഹിയിലെ യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ഇന്ത്യ തങ്ങളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇന്ത്യൻ നാവിക സമൂഹത്തിന് ഇത് നികത്താനാവാത്ത വലിയൊരു നഷ്ടമാണെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പം മോദി സർക്കാർ ഉറച്ചുനിൽക്കുമെന്നും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി. രക്ഷപ്പെട്ട ക്രൂ അംഗങ്ങളെ എത്രയും വേഗം നാട്ടിലെത്തിക്കാനും മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങൾ അന്ത്യകർമ്മങ്ങൾക്കായി വേഗത്തിൽ തിരികെ എത്തിക്കാനുമുള്ള നടപടികൾ സ്വീകരിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Content Highlights: Three Indian seafarers confirmed dead following a US military strike on MT Settebello in the Gulf of Oman.