78 വര്‍ഷത്തിനുശേഷം പ്രധാനമന്ത്രിക്ക് പുതിയ വിലാസം; പി.എം.ഒ സൗത്ത് ബ്ലോക്ക് വിടുന്നു

ന്യൂഡല്‍ഹി: എഴുപത്തിയെട്ട് വർഷത്തിനുശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസം മാറുന്നു. നിലവില്‍ സൗത്ത് ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അടുത്ത മാസം മീറ്ററുകള്‍ മാത്രം അകലെയുള്ള എക്‌സിക്യൂട്ടീവ് എന്‍ക്ലേവിലേക്ക് മാറുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പിഎംഒയ്ക്കും മറ്റ് ഉന്നത സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമായി എക്‌സിക്യൂട്ടീവ് എന്‍ക്ലേവ് സജ്ജീകരിച്ചിരിക്കുന്നത്.
പിഎംഒയ്ക്ക് പുറമെ, ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ്, ഒരു കോണ്‍ഫറന്‍സിംഗ് സൗകര്യം എന്നിവടങ്ങുന്നതാണ് എക്‌സിക്യൂട്ടീവ് എന്‍ക്ലേവ്. പുതിയ പിഎംഒ പ്രധാനമന്ത്രിയുടെ വസതിയോട് കൂടുതല്‍ അടുത്താണ്.
പഴയ കെട്ടിടങ്ങളില്‍ ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തതയും സ്ഥലപരിമിതികളുമാണ് പുതിയ ഓഫീസ് കെട്ടിടങ്ങള്‍ നിര്‍മിച്ചതിന് പിന്നില്‍.
പ്രധാനമന്ത്രി ഈ മാസം ഉദ്ഘാടനം ചെയ്ത കര്‍ത്തവ്യ ഭവന്‍-3 ലേക്ക് ആഭ്യന്തര, പേഴ്‌സണല്‍ മന്ത്രാലയങ്ങളെ മാറ്റിയിരുന്നു. കെട്ടിടം ഉദ്ഘാടനം ചെയ്തതിന് ശേഷം നടത്തിയ പ്രസംഗത്തില്‍, ഇന്ത്യയുടെ ഭരണസംവിധാനം പ്രവര്‍ത്തിച്ചിരുന്നത് ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ നിര്‍മിച്ച കെട്ടിടങ്ങളില്‍ ആണെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. മതിയായ സ്ഥലസൗകര്യവും വെളിച്ചവും വായുസഞ്ചാരവുമില്ലാത്ത ഈ പഴയ കെട്ടിടങ്ങളിലെ മോശം തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറയുകയുണ്ടായി.
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കെട്ടിടത്തില്‍ ആഭ്യന്തര മന്ത്രാലയം പോലുള്ള ഒരു പ്രധാന മന്ത്രാലയം ഏകദേശം 100 വര്‍ഷത്തോളം എങ്ങനെ പ്രവര്‍ത്തിച്ചു എന്ന് സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമാണെന്നും പ്രധാനമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു.
സെന്‍ട്രല്‍ വിസ്ത പദ്ധതികള്‍ക്ക് പേര് നല്‍കുന്ന കേന്ദ്രത്തിന്റെ രീതിക്ക് അനുസൃതമായി പുതിയ പ്രധാനമന്ത്രിയുടെ ഓഫീസിനും പുതിയ പേര് ലഭിച്ചേക്കും. സേവനം എന്ന ആശയം പ്രതിഫലിക്കുന്ന തരത്തിലായിരിക്കും പുതിയ പിഎംഒയ്ക്ക് പേര് നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാം തവണ അധികാരമേറ്റ ശേഷം പിഎംഒയെ ആദ്യമായി അഭിസംബോധന ചെയ്യവേ, പിഎംഒ ഒരു പൊതുസേവന കേന്ദ്രമായി മാറണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. 'പിഎംഒ 'ജനങ്ങളുടെ പിഎംഒ ആകണം. അത് മോദിയുടെ പിഎംഒ ആകരുത്' അദ്ദേഹം പറയുകയുണ്ടായി.
Content Highlights: Indian Prime Minister's Office Relocates to Executive Enclave in New Delhi