ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന് ഇന്ത്യൻ എൽപിജി കപ്പൽ; 'ശിവാലിക്' ഇന്ത്യൻ തീരത്തെത്തി

#ന്യൂസ് ഡെസ്ക്
എൽപിജി ടാങ്കർ ശിവാലിക് മുന്ദ്ര തുറമുഖത്ത് | PHOTO: REUTERS
എൽപിജി ടാങ്കർ ശിവാലിക് മുന്ദ്ര തുറമുഖത്ത് | PHOTO: REUTERS

ന്യൂഡൽഹി: ഇറാനിൽ സംഘർഷം തുടരുന്ന സാഹചര്യങ്ങൾക്കിടയിൽ ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എൽ‌പി‌ജി കപ്പലായ 'ശിവാലിക്' ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് സുരക്ഷിതമായി എത്തിച്ചേർന്നു. ഹോർമുസ് കടലിടുക്ക് പിന്നിട്ടാണ് തിങ്കളാഴ്ച കപ്പൽ ഇന്ത്യൻ തീരത്തെത്തിയത്.

ഇറാനുനേരെ യുഎസ്-ഇസ്രയേൽ സംഘർഷം ആരംഭിച്ചശേഷം ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലെത്തുന്ന ആദ്യ എൽ‌പി‌ജി കപ്പലാണ് ശിവാലിക്. മറ്റൊരു എൽ‌പി‌ജി കപ്പലായ 'നന്ദാദേവി' ഹോർമുസ് പിന്നിട്ടതായും ചൊവ്വാഴ്ചയോടെ മുംബൈയിലെ തീരത്ത് എത്തുമെന്നും അധികൃതർ അറിയിച്ചു. 

ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്ക് ലോകത്തിലെ എണ്ണ-ഗ്യാസ് വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള പാതയാണ്. ഇറാനിൽ സംഘർഷം തുടരുന്ന സാഹചര്യങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടഞ്ഞത് ആഗോള ഊർജ വിപണിയെ സാരമായി ബാധിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച യുഎഇയിൽനിന്ന് ഗുജറാത്തിലെ കണ്ട്‌ലയിലേക്ക് വരികയായിരുന്ന തായ് കപ്പലിന് നേരെ ആക്രമണമുണ്ടായതും ആശങ്കയ്ക്ക് കാരണമായിരുന്നു. തുടർച്ചയായുണ്ടായ അക്രമണങ്ങളെത്തുടർന്ന്  ഇന്ത്യ നയതന്ത്ര  ഇടപെടലുകൾ ശക്തമാക്കിയിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി ചർച്ചകൾ നടത്തിയിരുന്നു. ഇതിനുപുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.

നിലവിൽ ഹോർമുസ് കടലിടുക്കിന്റെ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ചിട്ടുള്ള ഇരുപതോളം ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ തുടരുകയാണ്. ഒമാനിൽനിന്ന് ആഫ്രിക്കയിലേക്ക് ഗ്യാസോലിൻ കൊണ്ടുപോകുന്ന 'ജഗ് പ്രകാശ്' എന്ന കപ്പലും യാത്ര ആരംഭിച്ചതായി ഷിപ്പിങ് മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ അറിയിച്ചിട്ടുണ്ട്.

Content Highlights: Successful navigation of Indian vessels through the high-risk Strait of Hormuz., Confirmation of safety for Shivalik, Nanda Devi, and Jag Laadki tankers., Strategic importance of maritime routes for India's national energy security., Close monitoring of naval movements amidst regional geopolitical instability.