ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ജയശങ്കർ ബംഗ്ലാദേശിലേക്ക്

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം മോശമായി നിൽക്കുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഖാലിദ സിയയുടെ മരണാന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി മുതിർന്ന മന്ത്രി ബംഗ്ലാദേശിലേക്ക് പോകുന്നത് എന്നതാണ് ശ്രദ്ധേയം.
ബുധനാഴ്ച(ഡിസംബർ 31)യാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ബംഗ്ലാദേശ് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷകൂടിയായിരുന്ന ഖാലിദ സിയ ബംഗ്ലാദേശിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന വ്യക്തിത്വമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഡിസംബർ 30 ചൊവ്വാഴ്ച പുലർച്ചെ ധാക്കയിലെ എവർകെയർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
80-കാരിയായ ഖാലിദ സിയയെ ഏറെനാളായി വിവിധ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നു. നവംബർ അവസാനം മുതൽ കരൾ രോഗം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ, പ്രമേഹം, ശ്വാസകോശ സംബന്ധമായ അണുബാധ എന്നിവയുൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രാദേശിക സമയം പുലർച്ചെ ആറുമണിയോടെയാണ് മരണപ്പെട്ടത്.
17 വർഷത്തെ പ്രവാസത്തിന് ശേഷം അടുത്തിടെ ബംഗ്ലാദേശിൽ തിരിച്ചെത്തിയ മകൻ താരിഖ് റഹ്‌മാനും മറ്റു കുടുംബാംഗങ്ങളുമെല്ലാം ഖാലിദ സിയയുടെ അടുത്തുണ്ടായിരുന്നു. അവരുടെ സംസ്‌കാര പ്രാർത്ഥന, ബുധനാഴ്ച ഉച്ചകഴിഞ്ഞ് ധാക്കയിലെ നാഷണൽ പാർലമെന്റിന്റെ സൗത്ത് പ്ലാസയിൽ നടക്കും. ശേഷം, ബംഗ്ലാദേശിന്റെ മുൻ പ്രസിഡന്റും ഭർത്താവുമായിരുന്ന സിയാവുർ റഹ്‌മാന്റെ ശവകുടീരത്തിന് സമീപം സിയാ ഉദ്യാനിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.
1945-ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ജൽപായ്ഗുരിയിൽ (ഇന്നത്തെ പശ്ചിമബംഗാളിന്റെ ഭാഗം) ജനിച്ച ഖാലിദ സിയ, 1980-ൽ ഭർത്താവിന്റെ വധത്തോടെയാണ് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത്. അതുവരെ പൂർണമായും സ്വകാര്യ ജീവിതം നയിച്ചിരുന്ന അവർ, 1984-ൽ ബിഎൻപിയുടെ നേതൃത്വം ഏറ്റെടുത്തു. പിന്നാലെ പട്ടാള ഭരണാധികാരി ഹുസൈൻ മുഹമ്മദ് ഇർഷാദിന്റെ പ്രധാന എതിരാളിയായി ഉയർന്നു വന്നു. 1991-ൽ പാർലമെന്ററി ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അവർ തിരഞ്ഞെടുക്കപ്പെട്ടു.
1996-ലും 1999-ലും ഖാലിദ സിയ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി. നാല് പാർട്ടികളുടെ സഖ്യം നയിച്ച് അവർ 2001 മുതൽ 2006 വരെ രണ്ടാമതും അധികാരത്തിലെത്തി. പിന്നീട് വിവിധ കേസുകളിൽ പെട്ട് ജയിലിലായ അവർ 2024-ൽ ഹസീനയുടെ പതനത്തെത്തുടർന്നാണ് തടവിൽനിന്ന് മോചിതയായത്. 2025-ന്റെ തുടക്കത്തിൽ ബാക്കിയുള്ള അഴിമതി കേസുകളിൽ നിന്ന് കുറ്റവിമുക്തയായി.
2026 ഫെബ്രുവരിയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണം നടത്താനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു എന്നാണ് വിവരം. അവരുടെ മരണം ബംഗ്ലാദേശിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക അധ്യായത്തിന്റെ അവസാനമാണ് കുറിക്കുന്നത്. ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറും പങ്കെടുക്കുത്തേക്കും എന്നാണ് വിവരം.
Content Highlights: India`s EAM S Jaishankar to attend Khaleda Zia`s state funeral in Dhaka. A key figure in Bangladesh`s politics, her passing marks the end of an era. Get the latest updates.