കിതച്ച് ആഭ്യന്തര വ്യോമയാന മേഖല; ഇന്‍ഡിഗോയുടെ സര്‍വ്വാധിപത്യം, മത്സരിക്കാന്‍ കഴിയാതെ കമ്പനികള്‍

മുംബൈ: ആരോഗ്യപരമായ പ്രവർത്തന മത്സരമില്ലാതെ കിതച്ച് രാജ്യത്തെ ആഭ്യന്തര വ്യോമയാന വിപണി. ആഭ്യന്തര വിമാന സർവീസിന്റെ 64.6 ശതമാനവും ഇൻഡിഗോ എന്ന ഒറ്റക്കമ്പനിക്കു സ്വന്തമാണിന്ന്. ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് മറ്റൊരു 27 ശതമാനം വിപണിവിഹിതം സ്വന്തമാക്കുന്നു. രണ്ടും ചേർന്നാൽ 90 ശതമാനത്തിനു മുകളിലായി. അതായത് രാജ്യത്തെ വ്യോമയാന വിപണിയുടെ ഏറിയ കൂറും രണ്ടു കമ്പനികളിലേക്കു ചുരുങ്ങി.
വിപണിയിൽ മത്സരിച്ച് മറ്റു കമ്പനികൾക്കുയർന്നുവരാൻ കടുത്ത വെല്ലുവിളിയാണ് ഈ സാഹചര്യം സൃഷ്ടിക്കുന്നത്. വിപണിയിൽ നേരത്തേതന്നെയുണ്ടായിരുന്ന സ്പൈസ് ജെറ്റിനും പുതുതായി വന്ന ആകാശയും കിതയ്ക്കുന്നതിനും വിപണിയിൽ ടിക്കറ്റ് നിരക്ക് ഉയർന്നുപോകുന്നതിനും ഇതു കാരണമായിട്ടുണ്ട്.
ഒക്ടോബറിലെ ഡിജിസിഎ കണക്കുപ്രകാരം ആകാശ 5.4 ശതമനം, സ്പൈസ് ജെറ്റ് രണ്ടു ശതമാനം എന്നിങ്ങനെയാണ് വിപണി വിഹിതമുള്ളത്. ഇതിൽ സ്പൈസ് ജെറ്റിന്റെ വിപണി സാന്നിധ്യം അടിക്കടി കുറഞ്ഞുവരുന്നു. ആകാശയ്ക്കാണെങ്കിൽ പുതിയ വിമാനങ്ങൾ കിട്ടാൻ ബുദ്ധിമുട്ടുണ്ട്. പൈലറ്റുമാരുടെ ക്ഷാമവും കമ്പനിക്ക് തിരിച്ചടിയാകുന്നു.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പുതിയ കമ്പനികൾക്ക് നാമമാത്രമായ പ്രവർത്തനസാഹചര്യം മാത്രമാണ് ഇതവശേഷിപ്പിക്കുന്നത്. ഓസ്ട്രേലിയയിലും സമാന സ്ഥിതിയുണ്ട്. ക്വാന്റാസ്, വിർജിൻ എന്നീ രണ്ടു കമ്പനികൾക്ക് 98 ശതമാനം വിപണിവിഹിതമാണുള്ളത്.
അമേരിക്കയിൽ സ്ഥിതി വ്യത്യസ്തമാണ്. രാജ്യത്തെ ഏറ്റവും വലിയ എയർലൈൻ കമ്പനിയായ അമേരിക്കൻ എയർലൈൻസിന് 21 ശതമാനം വിപണിവിഹിതമാണുള്ളത്. ആദ്യ മൂന്നു കമ്പനികളെടുത്താലും 58 ശതമാനമേ വരൂ. ചൈനയിൽ ആഭ്യന്തര സേവനരംഗത്ത് ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള കമ്പനികൾക്ക് 58 ശതമാനം മാത്രമാണ് വിപണി വിഹിതം. ബ്രിട്ടൻ, ബ്രസീൽ, ജപ്പാൻ, തായ്‌ലാൻഡ്, ഫ്രാൻസ് എന്നീ രാജ്യങ്ങളിലും സ്ഥിതി സമാനമാണ്.
മത്സരത്തിന്റെ ആവശ്യകത
വിപണിയിൽ കമ്പനികൾ തമ്മിൽ മത്സരം വന്നാലേ വിപണിക്ക് ഗുണമുണ്ടാകൂ. യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാനും കൂടുതൽ മേഖലകളിലേക്ക് സേവനങ്ങളെത്തിക്കാനും നിരക്കു കുറച്ചു നിർത്താനുമെല്ലാം കമ്പികൾ തമ്മിൽ ആരോഗ്യപരമായ മത്സരം അനിവാര്യമാണ്. വിപണിയിൽ ആധിപത്യം ലഭിച്ചാൽ കമ്പനികൾ അവരുടെ താത്പര്യങ്ങൾക്കു മുൻതൂക്കം നൽകാൻ തുടങ്ങും.
ഇൻഡിഗോയിലെ പൈലറ്റുമാരുടെ വെളിപ്പെടുത്തലും ഇതിന്റെ സൂചനകൾ നൽകുന്നതാണ്. ഇൻഡിഗോപോലെ ഒരു രാജ്യത്തും ആഭ്യന്തര വിമാനക്കമ്പനികൾക്ക് കുത്തക സാന്നിധ്യമില്ല. ഈ ആധിപത്യം പുതിയ നിയന്ത്രണത്തിനെതിരേ മുഖം തിരിക്കാനും യാത്രക്കാരെ വെല്ലുവിളിച്ച് സർവീസുകൾ താറുമാറാക്കാനും കാരണമായിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
ഡിസംബർ രണ്ടിനുശേഷം ഇതുവരെ 4,000 സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. എന്നാൽ, വിദേശ റൂട്ടുകളിലെ സർവീസുകളിൽ വലിയ തടസ്സമുണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. കമ്പനി ദിവസം 2,200 സർവീസുകളാണ് നടത്തുന്നത്. സർക്കാർ കഴിഞ്ഞവർഷം കൊണ്ടുവന്ന പൈലറ്റുമാരുടെ വിശ്രമ സമയം സംബന്ധിച്ച നിയമപരിഷ്കാരം നടപ്പാക്കാൻ കമ്പനി വിമുഖത കാണിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു നിയന്ത്രണം സർക്കാർ കൊണ്ടുവന്നത്. പൈലറ്റുമാരുടെ കുറവാണ് പ്രശ്നങ്ങൾക്കു കാരണമെന്നാണ് കമ്പനി പറയുന്നത്. എന്നാൽ, കമ്പനിയിലെ പൈലറ്റുമാർ തന്നെ ഇതിൽ വ്യക്തത വരുത്തി രംഗത്തുവന്നിട്ടുണ്ട്.
65 ക്യാപ്റ്റന്മാരുടെയും 59 ഫസ്റ്റ് ഓഫീസർമാരുടെയും കുറവാണുള്ളത്. ഇതുവഴി രാജ്യവ്യാപകമായി ഇത്രയും വിമാനങ്ങൾ മുടങ്ങേണ്ട സാഹചര്യമില്ലെന്നും മുതിർന്ന പൈലറ്റുമാർ പറയുന്നു. ഇത് അഞ്ചു മുതൽ ഏഴു ശതമാനം വരെ പ്രവർത്തനങ്ങളെ മാത്രമേ ബാധിക്കാനിടയുള്ളൂവെന്നും ഇവർ സൂചിപ്പിക്കുന്നു.
മാഞ്ഞുപോകുന്ന കമ്പനികൾ
ഇന്ത്യയിൽ ജെറ്റ് എയർവേസ്, ഗോ എയർ എന്നീ കമ്പനികൾ സമീപകാലത്ത് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികളെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. പിന്നാലെ ടാറ്റ ഗ്രൂപ്പിന്റെ പങ്കാളിത്തത്തോടെ പ്രവർത്തിച്ചിരുന്ന സിങ്കപ്പൂർ എയർലൈൻസിന്റെ വിസ്താരയും എയർ ഏഷ്യ ഇന്ത്യയും എയർ ഇന്ത്യ ഗ്രൂപ്പിലേക്കു ലയിച്ചു. നാലു കമ്പനികളാണ് ഇതുവഴി അപ്രത്യക്ഷമായത്.
ഇപ്പോഴത്തെ സ്പൈസ് ജെറ്റ് ആണെങ്കിൽ യഥാസമയം എൻജിൻ ലഭിക്കാതെയും വിമാനങ്ങൾ ആവശ്യത്തിനില്ലാതെയും ഗുരുതര പ്രതിസന്ധിയിലാണ്. കടബാധ്യതയിൽ മുങ്ങിനിൽക്കുന്ന കമ്പനി ഗുരുതുര സാമ്പത്തിക പ്രതിസന്ധിയിലുമാണ്.
ജെറ്റ് എയർവേസും ഗോ എയറും പ്രവർത്തനം നിർത്തിയപ്പോൾ ഇവയുടെ റൂട്ടുകൾ മറ്റു വിമാനക്കമ്പനികൾക്കു സർക്കാർ കൈമാറിയിരുന്നു. ഇൻഡിഗോയ്ക്കാണ് ഇതിലേറെയും ലഭിച്ചത്. ഈ റൂട്ടുകൾ തിരിച്ചുകിട്ടില്ലെന്നത് ജെറ്റ് എയർവേസിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയായി മാറുകയും ചെയ്തിരുന്നു. ഇത്തരത്തിൽ റൂട്ടുകൾ കൈമാറിയതോടെയാണ് ഇൻഡിഗോയുടെ വിപണി വിഹിതം ഈ നിലയിലേക്കുയർന്നത്.
Content Highlights: India`s domestic aviation market is struggling with minimal competition. Indigo holds a dominant 64.6% market share, leaving other airlines like Air India, SpiceJet, and Akasa Air facing significant challenges.