കിലോമീറ്ററുകൾ അകലെയുള്ള ആയുധങ്ങൾ സെക്കന്‍ഡുകൾക്കകം തകർക്കും; ശത്രുക്കൾ ഇന്ത്യയുടെ ലേസര്‍വലയത്തിൽ

ലേസര്‍ അധിഷ്ഠിത സംവിധാനം, ഇന്‍സൈറ്റില്‍ ലേസര്‍ രശ്മി ഉപയോഗിച്ച് ഡ്രോണിനെ ലക്ഷ്യംവെക്കുന്ന പരീക്ഷണത്തില്‍നിന്ന്‌
ലേസര്‍ അധിഷ്ഠിത സംവിധാനം, ഇന്‍സൈറ്റില്‍ ലേസര്‍ രശ്മി ഉപയോഗിച്ച് ഡ്രോണിനെ ലക്ഷ്യംവെക്കുന്ന പരീക്ഷണത്തില്‍നിന്ന്‌

കര്‍ണൂല്‍(ആന്ധ്രപ്രദേശ്): കിലോമീറ്ററുകള്‍ അകലെയുള്ള ശത്രുക്കളുടെ ആയുധങ്ങളെ സെക്കന്‍ഡുകള്‍ക്കകം തകര്‍ക്കുന്ന ലേസര്‍ അധിഷ്ഠിത സംവിധാനം വികസിപ്പിച്ച് ഇന്ത്യ. പ്രതിരോധഗവേഷണ വികസന സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച സംവിധാനം ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് ലക്ഷ്യസ്ഥാനം ആദ്യമായി തകര്‍ത്തു. ആകാശത്തെ ലക്ഷ്യസ്ഥാനത്തുണ്ടായിരുന്ന േഡ്രാണിനെ ലേസര്‍രശ്മി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. ശത്രുക്കളുടെ വിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍ തുടങ്ങിയവ നിര്‍വീര്യമാക്കാന്‍ ലേസര്‍ വിദ്യയ്ക്ക് കഴിയും.

എംകെ-2(എ) ലേസര്‍ ഡയറക്ട്ഡ് എനര്‍ജി വെപ്പണ്‍(ഡിഇഡബ്ല്യു) എന്നാണ് പേര്. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്കുശേഷം സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

വൈകാതെ ആയുധം സേനയുടെ ഭാഗമാകും. ഭാവിയില്‍ ഇന്ത്യ വികസിപ്പിക്കുന്ന 300 കിലോവാട്ട് ശേഷിയുള്ള 'സൂര്യ'യും ലേസര്‍ അധിഷ്ഠിത ആയുധ സംവിധാനമാണ്. 20 കിലോമീറ്റര്‍ അകലെക്കൂടി പോകുന്ന ആയുധങ്ങള്‍ തകര്‍ക്കാന്‍ ഇതിന് കഴിയും.

Content Highlights: India's Laser Weapon To Shoot Down Aerial Targets