സാംസ്‌കാരികമൂല്യങ്ങളെ കുറിച്ച് ആശങ്ക, കൗമാരക്കാർക്ക് ഫോണും ഷോട്‌സും വേണ്ടെന്ന് യുപി ഖാപ് പഞ്ചായത്ത്

#ന്യൂസ് ഡെസ്ക്
ബ്രജ്പാൽ സിങ് മാധ്യമപ്രതികരണം നടത്തുന്നു |   X Video Grab
ബ്രജ്പാൽ സിങ് മാധ്യമപ്രതികരണം നടത്തുന്നു | X Video Grab

ലഖ്നൗ: പാശ്ചാത്യ സ്വാധീനത്തെയും സാംസ്കാരിക മൂല്യങ്ങളെയും കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി കൗമാരക്കാർക്ക് സ്മാർട്ട്ഫോണുകളും ആൺകുട്ടികളും പെൺകുട്ടികളും ഹാഫ് പാന്റ് ധരിക്കുന്നതും നിരോധിച്ചുകൊണ്ട് മാർഗനിർദേശങ്ങൾ പുറത്തിറക്കി ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ഖാപ് പഞ്ചായത്ത്. വിവാഹച്ചടങ്ങുകൾ നിയന്ത്രിക്കുന്നതിനും അതിഥികളുടെ പട്ടിക പരിമിതപ്പെടുത്തുന്നതിനും അമിതമായ ചെലവ് നിരോധിക്കുന്നതിനും ഈ മാർഗനിർദേശങ്ങൾ വ്യവസ്ഥ ചെയ്യുന്നു. പരമ്പരാഗത മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക, അനുചിതമായ രീതികൾ നിരോധിക്കുക, സാമൂഹിക സൗഹാർദവും സാംസ്കാരിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുക  തുടങ്ങിയവയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നാണ് ഖാപ് പഞ്ചായത്തിന്റെ വിശദീകരണം.

സമൂഹത്തിന്റെ താൽപര്യത്തിനായി ഈ തീരുമാനം ഉത്തർപ്രദേശ് മുഴുവൻ നടപ്പാക്കുമെന്നും പ്രചാരണത്തിനായി മറ്റ് ഖാപ്പുകളുമായി ബന്ധപ്പെടുമെന്നും പഞ്ചായത്ത് അംഗങ്ങൾ അറിയിച്ചു. കൂടാതെ, രാജസ്ഥാനിലെ പഞ്ചായത്തിന്റെ തീരുമാനം അംഗീകരിക്കുകയും ചെയ്തു. "സമൂഹത്തിന്റെ തീരുമാനം പരമോന്നതമാണ്. രാജസ്ഥാനിൽ എടുത്ത തീരുമാനം പ്രശംസനീയമാണ്. ആൺകുട്ടികൾക്ക് സ്മാർട്ട്ഫോണുകളും ഹാഫ് പാന്റുകളും നിരോധിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. കുട്ടികൾ ശരിയായ വിദ്യാഭ്യാസവും സാമൂഹിക മാർഗ്ഗനിർദ്ദേശവും ലഭിക്കാൻ കുടുംബത്തോടും മുതിർന്നവരോടൊപ്പം ചെലവഴിക്കണം”, താമ്പാ ദേശ് ഖാപ് ചൗധരി ബ്രജ്പാൽ സിങ് പറഞ്ഞു.

18-20 വയസ്സുള്ള ആൺകുട്ടികൾക്ക് ഫോൺ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ തീരുമാനം പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രാമങ്ങളിൽ ബോധവൽക്കരണ പ്രചാരണങ്ങൾ നടത്തും. പെൺകുട്ടികൾക്ക് മൊബൈൽ നൽകുന്നത് ദുശ്ശീലങ്ങളിലേക്ക് നയിച്ചേക്കാം; ഇത് ആൺകുട്ടികൾക്കും ബാധകമാകും. ഫോണുകൾ വീട്ടിൽ മാത്രം സൂക്ഷിക്കണം. വിവാഹങ്ങൾ ഗ്രാമത്തിലും വീട്ടിലും നടത്തണം. വിവാഹ ഹാളുകളിലെ വിവാഹങ്ങൾ ബന്ധങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. വിവാഹ ക്ഷണങ്ങൾ വാട്സാപ്പ് വഴി അയക്കാം”,  ബ്രജ്പാൽ സിങ് പറഞ്ഞു,

"ഞങ്ങൾ ഒരുമിച്ചാണ് ഈ തീരുമാനം എടുക്കുന്നത്. മൈനർമാർക്ക് ഫോൺ നൽകേണ്ട ആവശ്യമില്ല. സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വ്യത്യസ്തമാണ്, എന്നാൽ വീട്ടിൽ അത് നിയന്ത്രിക്കണം. പഞ്ചായത്തിന്റെ തീരുമാനം സമയബന്ധിതവും ഉചിതവുമാണ്", പ്രാദേശിക നിവാസിയായ നരേഷ് പാൽ പറഞ്ഞു.

Content Highlights: A village in Uttar Pradesh, India has issued guidelines banning smartphones for teens and shorts for boys and girls, citing cultural values. Learn more about this controversial decision.