യുഎസിന്റെ 25% തീരുവയ്ക്ക് പിന്നിൽ റഷ്യൻ എണ്ണയോ അതോ 'ബ്രിക്‌സി'നോടുള്ള നീരസമോ?

നരേന്ദ്ര മോദി, ഡൊണാൾഡ് ട്രംപ്
നരേന്ദ്ര മോദി, ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: ഏകപക്ഷീയമായി ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ 25% തീരുവ ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കം അപ്രതീക്ഷിതമായിരുന്നു. വ്യാപാര കരാർ ഇന്ത്യയിലും യുഎസിലുമായി ഇതിനകം അഞ്ച് വട്ടം ചർച്ചകൾ നടന്നതായാണ് റിപ്പോർട്ട്. ഓഗസ്റ്റ് പകുതിയോടെ യുഎസ് സംഘം ഇന്ത്യയിൽ എത്തുമ്പോൾ സംയുക്തമായി കരാർ പ്രഖ്യാപിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിച്ചിരുന്നത്. ഇതിനെയെല്ലാം വെട്ടിലാക്കിയാണ് സമൂഹമാധ്യമത്തിലൂടെ ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നത്.

25% തീരുവ എന്നതിനു പുറമെ ഇന്ത്യയെ കൂടുതൽ ബുദ്ധിമുട്ടിക്കുക ട്രംപ് പ്രഖ്യാപിച്ച പിഴയാണ്. ഇതിൽ കൂടുതൽ വ്യക്തത വരാനുണ്ടെങ്കിലും കടുത്ത പിഴ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് നേരിടേണ്ടിവരുമെന്നാണ് സൂചന. ട്രംപിന്റെ പൊടുന്നനേയുള്ള തീരുമാനത്തിനു പിന്നിൽ ഇന്ത്യ ഉൾപ്പെടുന്ന ബ്രിക്‌സ് രാജ്യങ്ങളോടുള്ള നീരസമാണെന്നും പറയുന്നു. അതേസമയം, കുറഞ്ഞ വിലയ്ക്ക് കിട്ടിയിരുന്ന ഇന്ത്യൻ സാധനങ്ങൾക്ക് ഇനി കൂടുതൽ വില കൊടുക്കേണ്ടി വരുമെന്നത് അമേരിക്കയിലെ ഇടത്തരക്കാരെയും നന്നായി ബാധിക്കും.

യുഎസുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 2024-ൽ ഏകദേശം 129-130 ബില്യൺ ഡോളറിൽ എത്തിയിരുന്നു. ഇതിൽ ഇന്ത്യക്ക് 45-46 ബില്യൺ ഡോളറിന്റെ വ്യാപാര മിച്ചവുമുണ്ട്. ഫാർമസ്യൂട്ടിക്കൽസ്, വാഹനഘടകങ്ങൾ, രത്‌നങ്ങൾ, ഇലക്ട്രിക്കൽ സാധനങ്ങൾ എന്നിവയുടെ കയറ്റുമതിയിലൂടെയാണ് ഇന്ത്യ ഇത്രയും തുക നേടിയെടുത്തത്. 'ചർച്ചകൾ നന്നായി പുരോഗമിക്കുന്നു, ഉടൻ തന്നെ ഒരു കരാർ ഉണ്ടാകു'മെന്നാണ് ഒരു ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് ഇന്നലെ പ്രതികരിച്ചത്.

യുഎസിനെ സംബന്ധിച്ചിടത്തോളം, ഇന്ത്യ പ്രാധാന്യമുള്ള വ്യാപാരപങ്കാളിയാണ്. ചൈനയ്ക്കെതിരായ പ്രതിരോധ ശക്തിയായി യുഎസ് ഭരണകൂടങ്ങൾ ഇന്ത്യയെ കണ്ടിരുന്നു. അതിനാണ് ഇപ്പോൾ മാറ്റം വരുന്നത്. ഈ വർഷം ആദ്യമാണ് ട്രംപ് തന്റെ തീരുവ നയപ്രഖ്യാപനം നടത്തുന്നത്. ഉഭയകക്ഷി വ്യാപാര കരാറുകളില്ലാത്ത രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് 10-15% വരെ തീരുവ ചുമത്തുന്ന സംവിധാനമാണിത്. ചർച്ചകൾ നീണ്ടുപോയാൽ തീരുവ 20 ശതമാനമോ അതിൽ കൂടുതലോ ആയി ഉയർന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

വാഹന ഭാഗങ്ങൾക്ക് ആഗോളതലത്തിൽ 25 ശതമാനം തീരുവ ഉൾപ്പെടെ പല മേഖലകളിലും ട്രംപ് ഇതിനകം തീരുവ വർദ്ധിപ്പിച്ചിട്ടുണ്ട്, കൂടാതെ ഫാർമസ്യൂട്ടിക്കൽസ് ഉത്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്നും അദ്ദേഹം സൂചന നൽകിയിരുന്നു. ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് യുഎസ് വിപണിയിലെ മുൻതൂക്കം ഇല്ലാതാക്കുന്ന നടപടിയാണ്‌ ഇതെന്നാണ് പൊതുവേ വിലയിരുത്തൽ.  പ്രത്യേകിച്ചും വിയറ്റ്‌നാം, ഇന്തോനേഷ്യ, മറ്റ് ഏഷ്യൻ എതിരാളികൾ എന്നിവർക്ക് അല്പം കുറഞ്ഞ നിരക്കുകൾ ഉള്ളതുകൊണ്ട്.

ട്രംപിന്റെ രണ്ടാം തവണത്തെ സ്ഥാനാരോഹണത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടൺ സന്ദർശിച്ചപ്പോൾ കരാറിനെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ, ആറു മാസത്തിനുശേഷം ചർച്ചകൾ ഏറെക്കുറെ സ്തംഭിച്ചു. തീരുവകളിൽനിന്ന് ഇളവ് നേടാനും ആയില്ല. 

ജനിതകമാറ്റം വരുത്തിയ സോയാബീനും ചോളവും ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്നും മൾട്ടി നാഷണൽ കമ്പനികൾക്കായി ആഭ്യന്തര ക്ഷീരോൽപ്പന്ന വിപണി തുറന്നു കൊടുക്കണമെന്നുമുള്ള യുഎസ് ആവശ്യങ്ങൾ ഇന്ത്യ നിരസിച്ചിരുന്നു. ഈ മേഖലകൾ ഇന്ത്യയിൽ വളരെ ശക്തവും അടിത്തറയുള്ളതുമാണ്. ചെറുകിട ഫാമുകളാണ് ഭക്ഷ്യസുരക്ഷയുടെയും ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളുടെയും കേന്ദ്രം.

അടുത്തിടെ യുകെയുമായുള്ള വ്യാപാര കരാറിൽ ഉപയോഗിച്ചതുപോലുള്ള ക്വാട്ട അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങൾ ഇന്ത്യ നിർദേശിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ, ഇതിനെയെല്ലാം മറികടന്നാണ് ട്രംപിന്റെ പ്രഖ്യാപനം വന്നത്. 

തീരുവ നിരക്കുകളിലെ അനിശ്ചിതത്വം ഇതിനകംതന്നെ വ്യാപാരത്തെ തടസ്സപ്പെടുത്തിയിരുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അന്തിമ നിരക്കുകൾ എന്തായിരിക്കുമെന്ന് അറിയാത്തതിനാൽ അമേരിക്കയിലെ ഉപഭോക്താക്കൾ പുതിയ ഓർഡറുകൾ നൽകുന്നതിൽനിന്ന് പിന്മാറുകയും ചെയ്തു. അടുത്ത സീസണിലേക്കുള്ള ഓർഡറുകൾ- പ്രത്യേകിച്ച് ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള വിപണിക്കുള്ളവ- ഇപ്പോൾ അനിശ്ചിതത്വത്തിലാണ്.

ചൈനയുടെ തീരുവ പ്രതിസന്ധിയിൽ നിന്നുള്ള പരോക്ഷമായ സമ്മർദ്ദവും ഇന്ത്യയിലെ കയറ്റുമതിക്കാർ നേരിടുന്നുണ്ട്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേലുള്ള യുഎസ് തീരുവ വർധിച്ചപ്പോൾ, പല ചൈനീസ് നിർമ്മാതാക്കളും കുറഞ്ഞ വിലയ്ക്ക് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങി. വിലകുറഞ്ഞ ഈ ഉൽപ്പന്നങ്ങളുടെ കടന്നുവരവ് ഇന്ത്യൻ കയറ്റുമതിക്കാർക്ക് യൂറോപ്യൻ വിപണിയിലെ തങ്ങളുടെ വിഹിതം നിലനിർത്താൻ പ്രയാസകരവുമായി. 

ഈ വർഷം അവസാനം നടക്കുന്ന പ്രതിരോധ ഉച്ചകോടിയിലേക്ക് (ക്വാഡ് നേതാക്കളുടെ ഉച്ചകോടി) ട്രംപിനെ ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്. ട്രംപ് വരികയാണെങ്കിൽ ഇതുസംബന്ധിച്ച കൂടുതൽ ചർച്ചകൾ നടന്നേക്കും. അതേസമയം, ആപ്പിൾ അടക്കമുള്ള യുഎസ് ഭീമന്മാർ ചൈനയിൽനിന്ന് ഇന്ത്യയിലേക്കു ഉത്പാദനകേന്ദ്രം മാറ്റുന്നതിനിടെയാണ് ട്രംപിന്റെ തീരുമാനം എന്നത് അവർക്കും തലവേദനയാവും. ആത്യന്തികമായി,  ട്രംപും മോദിയും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള ചുവടുവെപ്പെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

Content Highlights: India to pay 25% tariff plus penalty for Russian oil, defence buys, what are the reasons?