ഇന്തോ-പസഫികിലെ മൂന്നാമത്തെ വലിയ ശക്തിയായി ഇന്ത്യ, ഏറ്റവും മികച്ച രണ്ടാമത്തെ നേതാവ് മോദി- ഏഷ്യ പവർ ഇൻഡക്സ് റിപ്പോർട്ട്

ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ മൂന്നാമത്തെ രാജ്യമെന്ന പദവി ഇന്ത്യ നിലനിർത്തി. വിദഗ്ധരുടെ സംഘമുൾപ്പെടുന്ന, ഓസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 2026-ലെ 'ഏഷ്യ പവർ ഇൻഡക്സ്' റിപ്പോർട്ടിലാണ് ഈ നേട്ടം. ഇന്തോ-പസഫിക് മേഖലയിലെ 27 രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
മേഖലയിലെ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്ന രണ്ടാമത്തെ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുക്കപ്പെട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് മാത്രമാണ് മോദിക്ക് മുന്നിലുള്ളത്. 131 സൂചകങ്ങളുടെയും എട്ട് മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു വിലയിരുത്തൽ. ഇന്തോ-പസഫിക് മേഖലയിൽ 78.9 പോയിന്റുമായി അമേരിക്ക ഒന്നാമതും 73.6 പോയിന്റുമായി ചൈന രണ്ടാമതുമാണ്. 40.5 പോയിന്റ് നേടിയാണ് ഏഷ്യയിലെ 'പ്രധാന ശക്തി' എന്ന നിലയിൽ ഇന്ത്യ മൂന്നാം സ്ഥാനം ഉറപ്പിച്ചത്.
2018-ൽ സൂചിക ആരംഭിച്ചതിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ശക്തിയിലെ അന്തരം ഏറ്റവും കുറഞ്ഞ നിലയിലാണെന്നതും റിപ്പോർട്ടിന്റെ പ്രത്യേകതയാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള പോയിന്റ് വ്യത്യാസം 5.3 ആയി കുറഞ്ഞിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അമേരിക്ക കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ഏഷ്യയിലെ അവരുടെ സ്വാധീനം കുറയാൻ കാരണമായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
രൂപയുടെ മൂല്യത്തകർച്ച, അന്താരാഷ്ട്ര നാണയ നിധി സമ്പദ് വ്യവസ്ഥകളെ അളക്കുന്ന രീതിയിൽ വരുത്തിയ മാറ്റം, വിദേശ നിക്ഷേപത്തിലുണ്ടായ ഏകദേശം 20 ബില്യൺ ഡോളറിന്റെ കുറവ് എന്നിവ കാരണം ഇന്ത്യയുടെ സാമ്പത്തിക ശേഷി സൂചികയിൽ നേരിയ ഇടിവുണ്ടായിട്ടുണ്ട്. എങ്കിലും ഭാവിയിലേക്കുള്ള വിഭവശേഷി, പ്രതിരോധ ശൃംഖല, സാംസ്കാരിക സ്വാധീനം എന്നീ മേഖലകളിൽ ഇന്ത്യ മികച്ച മുന്നേറ്റം നടത്തി. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണവും ബ്രഹ്മോസ് മിസൈൽ വിൽപനയും പ്രതിരോധ രംഗത്തെ കുതിപ്പിന് കരുത്തേകി. നയതന്ത്ര സ്വാധീനത്തിൽ 70.3 പോയിന്റുമായി ഇന്ത്യ സ്ഥിരത നിലനിർത്തി.
അതേസമയം, പശ്ചിമേഷ്യൻ യുദ്ധസമയത്തെ ഇന്ത്യയുടെ നയതന്ത്ര നിലപാടുകൾ മോദിയുടെ ആഗോള പ്രതിച്ഛായയിൽ നേരിയ കുറവുണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രത്യേകിച്ച്, ഇന്ത്യ ആതിഥേയത്വം വഹിച്ച നാവികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇറാനിയൻ യുദ്ധക്കപ്പൽ യുഎസ് അന്തർവാഹിനി മുക്കിയ സംഭവത്തിലെ ഇന്ത്യയുടെ പ്രതികരണം റിപ്പോർട്ട് പരാമർശിക്കുന്നു.
എങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെയും നേതൃത്വത്തിലുള്ള ഭരണത്തുടർച്ചയും സ്ഥിരതയുമാണ് മേഖലയിലെ മികച്ച നേതാക്കളുടെ പട്ടികയിൽ മോദിയെ മൂന്ന് സ്ഥാനങ്ങൾ മുകളിലേക്ക് ഉയർത്തിയതെന്ന് ലോവി ഇൻസ്റ്റിറ്റ്യൂട്ട് അനലിസ്റ്റ് ജാക്ക് സാറ്റോ വ്യക്തമാക്കി.
സാമ്പത്തിക ശേഷിയിൽ നേരിയ കുറവുണ്ടായിട്ടും മറ്റ് ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് വളർച്ചയ്ക്കുള്ള ഏറ്റവും വലിയ അവസരങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളതെന്ന് ലോവി ഇൻസ്റ്റിറ്റ്യൂട്ട് പ്രോജക്ട് ലീഡ് ഡോ. ഹണ്ടർ മാർസ്റ്റൺ അഭിപ്രായപ്പെട്ടു. അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകളിൽ വഹിച്ച പങ്കിന്റെ അടിസ്ഥാനത്തിൽ പാകിസ്താൻ പട്ടികയിൽ 16-ാം സ്ഥാനത്തേക്ക് ഉയർന്നെങ്കിലും വരുംവർഷങ്ങളിൽ ഈ നേട്ടം നിലനിർത്താൻ അവർക്ക് കഴിയില്ലെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
Content Highlights: India retained its position as Asia's 3rd strongest power with 40.5 points in the 2026 Lowy Institute Asia Power Index., Prime Minister Narendra Modi ranked as the second most effective leader in the Asian region, trailing only behind Xi Jinping., The power gap between India and China reached its narrowest margin since the index began in 2018., India showed strong progress in future resources, defense networks, and cultural influence despite a slight dip in economic capability.