‘ഖ്വാജ ആസിഫിന്റെ മാനസികനില തകരാറിൽ’; പാക് പ്രതിരോധമന്ത്രിക്ക് മറുപടിയുമായി ഇന്ത്യ

ഖ്വാജ ആസിഫ് | ഫോട്ടോ - എഎഫ്പി
ഖ്വാജ ആസിഫ് | ഫോട്ടോ - എഎഫ്പി

ന്യൂഡൽഹി: സെയ്‌ഷെൽസ് സർക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത പരിസ്ഥിതി പുരസ്‌കാരമായ ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’ പുരസ്കാരം നൽകിയതിനെ പരിഹസിച്ച പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന് മറുപടിയുമായി ഇന്ത്യ. കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവില്ലാത്ത ഖ്വാജ ആസിഫിന് മറ്റൊരു ജോലിയുമില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധങ്ങൾ വിളിച്ചുപറയുന്നതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോർട്ട് ചെയ്തു. മോദിക്ക് ലഭിച്ച ബഹുമതിയെ 'കൃത്രിമമായി ഉണ്ടാക്കിയെടുത്തത്' എന്ന് പരിഹസിച്ച് ഖ്വാജ ആസിഫ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ശക്തമായ പ്രതികരണം.

ആസിഫിന്റെ മാനസികനില തകരാറിലാണെന്നും ഇത്തരം ഒരാളെ പ്രതിരോധമന്ത്രിയായി നിയമിച്ചത് പാകിസ്താന്റെ ഇന്നത്തെ അവസ്ഥയെയാണ് വെളിപ്പെടുത്തുന്നതെന്നും സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. ‘ഖ്വാജ ആസിഫ് മാനസികമായി അസ്ഥിരനാണെന്നത് പരസ്യമായ രഹസ്യമാണ്. ഇത്തരമൊരാളെ പ്രതിരോധമന്ത്രിയായി നിയമിച്ചത് പാകിസ്താന്റെ ഇപ്പോഴത്തെ ദുരവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. വ്യക്തമായ ധാരണയില്ലാത്ത വിഷയങ്ങളിൽ അസംബന്ധങ്ങൾ പറഞ്ഞ് സമയം തള്ളിനീക്കുകയാണ് അദ്ദേഹം ചെയ്യുന്നത്’- സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

നേരത്തെ, സെയ്‌ഷെൽസിന്റെ പരമോന്നത പരിസ്ഥിതി പുരസ്‌കാരമായ ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിലെ മികച്ച നേതൃത്വത്തിനാണ് പുരസ്‌കാരം. പരിസ്ഥിതി പ്രവർത്തനം, ഹരിത വളർച്ച, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം നൽകുന്ന സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഈ ബഹുമതി നൽകിയിരിക്കുന്നതെന്ന് സെയ്‌ഷെൽസ് അറിയിച്ചിരുന്നു.