താലിബാന്‍ പിടിച്ചെടുത്ത ശേഷം അഫ്ഗാനിസ്താനിലേക്ക് ആദ്യമായി വാക്‌സിന്‍ അയച്ച് ഇന്ത്യ

ന്യൂഡല്‍ഹി: താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താനിലേക്ക് കൊവാക്‌സിന്‍ അയച്ച് ഇന്ത്യ. ഇറാന്റെ മാഹാന്‍ വിമാനത്തില്‍ അഞ്ചു ലക്ഷം ഡോസ് കൊവാക്‌സിനാണ് ഇന്ത്യ ആദ്യം അയച്ചതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളില്‍ ശനിയാഴ്ച്ച എത്തും. ജനുവരി രണ്ടാമത്തെ ആഴ്ച്ച വീണ്ടും അഞ്ചു ലക്ഷം ഡോസ് കൊവാക്‌സിന്‍ അയക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
സെപ്റ്റംബറില്‍ അഫ്ഗാനിസ്താന്‍ താലിബാന്‍ പിടിച്ചെടുത്തശേഷം ആദ്യമായാണ് ഇന്ത്യ വാക്‌സിന്‍ അയക്കുന്നത്. സര്‍ക്കാരിന്റെ 'വാക്‌സിന്‍ മൈത്രി' പദ്ധതിയുടെ ഭാഗമായാണ് ഇത്. അവികസിത രാജ്യങ്ങളിലേക്കും വികസ്വര രാജ്യങ്ങളിലേക്കും ഇന്ത്യന്‍ വാക്‌സിന്‍ അയക്കുന്ന പദ്ധതിയാണിത്. നേരത്തെ ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, ഭൂട്ടാന്‍, മൗറീഷ്യസ്, ശ്രീലങ്ക, മാലദ്വീപ്, ബ്രസീല്‍, മൊറോക്കോ, ദക്ഷിണാഫ്രിക്ക, ഡിആര്‍ കോംഗോ, നൈജീരിയ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിന്‍ അയച്ചിരുന്നു.
നിലവില്‍ കൊവാക്‌സിന്റെ നിര്‍മാതാക്കളായ ഭാരത് ബയോടെക് ഓരോ മാസവും 70 മില്ല്യണ്‍ ഡോസ് വാക്‌സിന്‍ വികസിപ്പിക്കുന്നുണ്ട്. അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഇത് ഒരു ബില്ല്യണിലെത്തും. 2021 നവംബര്‍ മൂന്നിന് കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിരുന്നു.
Content Highlights: India Sending 1 Million Covaxin Doses to Afghanistan for First Time after Taliban Takeover
Content Highlights: