ലഹരിമാഫിയക്കെതിരേ കേന്ദ്രവും; ഒരുവർഷം നീളുന്ന പദ്ധതി, ഒന്നാം തീയതി മുതൽ ആരംഭിക്കും

ന്യൂഡൽഹി: മയക്കുമരുന്നുകടത്ത് ശൃംഖലകളെ തകർക്കാൻ ലക്ഷ്യമിട്ട് രാജ്യമൊട്ടാകെ ഒരുവർഷം നീളുന്ന കർശനപരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും നടത്താൻ കേന്ദ്രം. ഇത് സെപ്റ്റംബറിൽ തുടങ്ങും. ഒളിവിൽക്കഴിയുന്ന ലഹരിക്കടത്ത് പ്രതികളെ പിടികൂടുക, മെഡിക്കൽ ഷോപ്പുകളിലൂടെയുള്ള ഔഷധ ലഹരിമരുന്നുകളുടെ വഴിതിരിച്ചുവിടൽ തടയുക, ജയിലുകളിൽ സംയുക്തപരിശോധന നടത്തുക എന്നിവയാണ് പ്രധാന ലക്ഷ്യം.
നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ തയ്യാറാക്കിയ കർമപദ്ധതിയനുസരിച്ച് ഓരോ 15 ദിവസത്തിലും പ്രത്യേക വിഷയങ്ങൾ കേന്ദ്രീകരിച്ച് 24 വ്യത്യസ്തനീക്കങ്ങളാണ് 2027 ഓഗസ്റ്റുവരെ നടപ്പാക്കുക. ലഹരി ഇടപാടുകളിൽ ഏർപ്പെടുന്ന വിദേശികളെ കണ്ടെത്തി നാടുകടത്തലും ഒളിവിൽപ്പോയ ലഹരിക്കേസ് പ്രതികളെ പിടികൂടാനുള്ള പ്രത്യേക ഓപ്പറേഷനും നടക്കും. തീരദേശമേഖലകളിൽ ബോധവത്കരണവും തുറമുഖങ്ങളും വിമാനത്താവളങ്ങളും അതിർത്തികളും കേന്ദ്രീകരിച്ച് സംയുക്തപരിശോധനകളും നടക്കും.
Content Highlights: One-year nationwide anti-drug campaign starting in September, Targeting fugitives, medical shop drug diversion, and prison inspections, 24 special operations planned every 15 days until August 2027 by NCB, Deportation of foreign nationals involved in drug trades and coastal awareness