ഇന്നത്തെ ലോകം കൂട്ടുകക്ഷി രാഷ്ട്രീയത്തിന് സമാനമാണ്, ഇന്ത്യ സാമർഥ്യത്തോടെ നിലകൊള്ളണം - ജയശങ്കർ

#ന്യൂസ് ഡെസ്ക്
പുണെ സാഹിത്യോത്സവത്തില്‍ എസ്. ജയശങ്കർ സംസാരിക്കുന്നു | Photo: PTI
പുണെ സാഹിത്യോത്സവത്തില്‍ എസ്. ജയശങ്കർ സംസാരിക്കുന്നു | Photo: PTI

പുണെ: നിരന്തരം സഖ്യങ്ങൾ  മാറിക്കൊണ്ടിരിക്കുന്ന കൂട്ടുകക്ഷി രാഷ്ട്രീയത്തിന് സമാനമാണ് ഇന്നത്തെ ലോക സാഹചര്യമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഈ സാഹചര്യം കൃത്യമായി മനസ്സിലാക്കി, ഇന്ത്യ സാമർഥ്യത്തോടെ സ്വന്തം താൽപര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകണമെന്ന് അദ്ദേഹം ശനിയാഴ്ച പറഞ്ഞു. പുണെ സാഹിത്യോത്സവത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം.

യൂറോപ്യൻ രാജ്യങ്ങൾ കുടിയേറ്റത്തെക്കുറിച്ചുള്ള ആശങ്കകളിലും ചർച്ചകളിലും ഏർപ്പെട്ടിരിക്കുകയാണെന്നും, അതേസമയം ഇന്ത്യൻ തൊഴിലാളികൾക്ക് രാജ്യത്തിന് പുറത്ത് ആവശ്യക്കാർ ഏറെയാണെന്നും ജയശങ്കർ പറഞ്ഞു. നാഷണൽ ബുക്ക് ട്രസ്റ്റ് ഡയറക്ടർ യുവരാജ് മാലിക്കുമായി 'ഡിപ്ലോമസി ടു ഡിസ്‌കോർസ്' എന്ന വിഷയത്തിൽ സംസാരിക്കവെയാണ് ജയശങ്കർ, മാറുന്ന ലോകത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്.

'നമ്മുടെ രാജ്യത്ത് കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ കാലഘട്ടമുണ്ടായിരുന്നു. ഇന്നത്തെ ലോകം കൂട്ടുകക്ഷി രാഷ്ട്രീയത്തിന് സമാനമാണ്. ആർക്കും ഭൂരിപക്ഷമില്ല. ഒരു കൂട്ടുകക്ഷിക്ക് പോലും ഭൂരിപക്ഷം ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ചോദിച്ചാൽ, ലോകത്ത് നിരന്തരം പുതിയ കൂട്ടുകെട്ടുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പുതിയ ഇടപാടുകൾ നടത്തപ്പെടുന്നു, ചിലർ ഉയരുന്നു, ചിലർ വീഴുന്നു. ലോകം ഇപ്പോൾ പൂർണമായും ബഹുസ്വരമാണ്, അടെ എല്ലാവർക്കും ഒന്നിലധികം പങ്കാളികളുണ്ട്.' ജയശങ്കർ പറഞ്ഞു.

'നാം വളരെ ജാഗ്രതയോടെ പ്രവർത്തിക്കണം. ചിലപ്പോൾ, ഒരു വിഷയത്തിൽ നാം ഒരാളോടൊപ്പം ആയിരിക്കും നിലകൊള്ളുന്നത്, അതേസമയം മറ്റൊരു വിഷയത്തിൽ മറ്റൊരാളോടൊപ്പം ആയിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ, എല്ലാ സമയത്തും ഞാൻ പിന്തുടരുന്ന തത്വം ഒന്നുമാത്രമാണ് - എന്തായിരിക്കും എന്റെ രാജ്യത്തിന് ഗുണകരമാകുന്നത്. അതേ, എന്റെ രാജ്യത്തിന് ഗുണകരമാകുന്നത് എന്താണോ, അതായിരിക്കും ഞാൻ തിരഞ്ഞെടുക്കുക.' മന്ത്രി പറഞ്ഞു.

ലോകത്തിലെ പ്രധാന ശക്തികളുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് അദ്ദേഹം എഴുതിയ ഒരു പുസ്തകത്തിലെ ഭാഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യത്തിന്റെ വിദേശനയം കൈകാര്യം ചെയ്യുന്നത് കൂടുതൽ സങ്കീർണമായി എന്നാണ് ജയശങ്കർ അഭിപ്രായപ്പെട്ടത്. 'ആ പുസ്തകം എഴുതുന്നതിനിടയിൽ, ഒറ്റ വാചകത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള വിദേശനയത്തെ വിശേഷിപ്പിക്കാൻ വാക്കുകൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചായിരുന്നു എന്റെ ചിന്ത. അമേരിക്കയുമായി ഇടപഴകുക, ചൈനയെ കൈകാര്യം ചെയ്യുക, റഷ്യക്ക് ഉറപ്പ് നൽകുക എന്നിവയെല്ലാം നിലവിലെ സാഹചര്യത്തിൽ കൂടുതൽ സങ്കീർണ്ണമായിരിക്കുന്നു.' അദ്ദേഹം പറഞ്ഞു.

യുക്രൈൻ യുദ്ധവും, റഷ്യയിൽനിന്ന് അകന്നുനിൽക്കാൻ ഇന്ത്യയുടെ മേലുള്ള സമ്മർദ്ദവും കാരണം 'എണ്ണ വ്യാപാരത്തിൽ റഷ്യക്ക് ഉറപ്പ് നൽകുന്നത്' വലിയ വെല്ലുവിളിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 'ജപ്പാനെ ഇതിനിടയിലേക്ക് കൊണ്ടുവരുന്നതും വലിയ വെല്ലുവിളിയായിരുന്നു. അവർ അവരുടെ തനതായ വേഗതയിലാണ് നീങ്ങുന്നത്, അവരെ കൂടുതൽ വേഗത്തിൽ ചലിപ്പിക്കാനാണ് നമ്മൾ ഇപ്പോൾ ശ്രമിക്കുന്നത്. ഇതിനിടെ യൂറോപ്പ് ഇന്ത്യയുടെ ഒരു പ്രധാന പങ്കാളിയായി ഉയർന്നുവന്നിട്ടുണ്ട്. അവരുമായി ഇന്ത്യക്ക് കൂടുതൽ ഇടപഴകൽ ആവശ്യമാണ്.' അദ്ദേഹം കൂട്ടിച്ചേർത്തു.

'നമ്മുടെ അയൽരാജ്യങ്ങൾ നമ്മെക്കാൾ ചെറുതും ഇന്ത്യയുമായി അടുത്ത ബന്ധമുള്ളവരുമാണ്. അവരുടെ ആഭ്യന്തര രാഷ്ട്രീയം മാറിക്കൊണ്ടിരിക്കുന്നു. ചിലപ്പോൾ അവർ നമ്മെ പ്രശംസിക്കുന്നു, ചിലപ്പോൾ വിമർശിക്കുന്നു. അത്തരം സാഹചര്യത്തിൽ, ഈ ബന്ധങ്ങളെ കഴിയുന്നത്ര സ്ഥിരതയോടെ എങ്ങനെ നിലനിർത്താം എന്നതാണ് വെല്ലുവിളി.' ഇന്ത്യയുടെ അയൽരാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. അടുത്തിടെയുണ്ടായ ചുഴലിക്കാറ്റിൽ ശ്രീലങ്കയിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായപ്പോൾ ഏറ്റവുമാദ്യം പ്രതികരിച്ചതും സഹായഹസ്തം നീട്ടിയതും ഇന്ത്യയായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അയൽരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുമ്പോൾ കുടുംബനാഥനെപ്പോലെ പ്രവർത്തിക്കുക എന്നത് ഇന്ത്യയുടെ കടമയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു, 'ഒന്നോ രണ്ടോ അംഗങ്ങൾക്ക് അലോസരമുണ്ടായേക്കാം, എന്നാൽ അയൽക്കാരെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.'

ആഗോളതലത്തിൽ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളോട് ഇന്ത്യ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, 'എപ്പോൾ വായ തുറക്കണമെന്നും എപ്പോൾ വായ മൂടണമെന്നും അറിഞ്ഞിരിക്കണം' എന്നാണ് അദ്ദേഹം പറഞ്ഞത്. 'എല്ലാം സാഹചര്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇന്നത്തെ ബഹുസ്വര ലോകത്ത്, നിങ്ങൾ സംസാരിച്ചില്ലെങ്കിൽ, ലോകം നിങ്ങളെ അടിച്ചമർത്തും. നിങ്ങളെ തോൽപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ നിങ്ങൾ പ്രതിരോധത്തിലാകുമെന്നും പാർശ്വവൽക്കരിക്കപ്പെടുമെന്നും അവർ കരുതുന്നു. അതിനാൽ ശബ്ദമുയർത്തുന്നത് പ്രധാനമാണ്.' അദ്ദേഹം പറഞ്ഞു.

Content Highlights: External Affairs Minister S Jaishankar discusses India`s foreign policy in a multipolar world, emphasizing national interests and strategic agility in shifting global alliances.