മാവോവാദികൾ ഉന്മൂലന ഭീഷണിയിൽ; അവശേഷിക്കുന്ന നേതാവായി വൃദ്ധനായ ദേവൂജി മാത്രം

ന്യൂഡൽഹി: രാജ്യത്തെ മാവോവാദ പ്രസ്ഥാനങ്ങൾ ഉന്മൂലന ഭീഷണിയിലെന്ന് സൂചന. ഒഡീഷയിലെ കന്ധമാൽ ജില്ലയിൽ സുരക്ഷാ സേന നടത്തിയ വൻ ഓപ്പറേഷനിൽ മാവോവാദി നേതാവായ ഗണേഷ് ഉയ്കി കൊല്ലപ്പെട്ടതോടെ മാവോവാദികളുടെ പ്രധാനപ്പെട്ട ഏതാണ്ട് എല്ലാ നേതാക്കളും ഇല്ലാതായി. നേരത്തെ പ്രധാന നേതാവായ മാദ്വി ഹിദ്മയെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.
ഇതോടെ സിപിഐ മാവോയിസ്റ്റിന്റെ നിയന്ത്രണം ഇനി ദേവൂജി എന്ന നേതാവിലായിരിക്കും. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ വലയുന്ന ദേവൂജിക്ക് ചിതറിപ്പോയ സംഘത്തെ എത്രത്തോളം നയിക്കാനാകുമെന്ന കാര്യത്തിൽ സംശയമുണ്ട്. പ്രസ്ഥാനത്തിന് ജനപിന്തുണയും സ്വാധീന പ്രദേശങ്ങളും നഷ്ടമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ദേവൂജിയുടെ പങ്ക് നാമമാത്രമായി ചുരുങ്ങുമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ കരുതുന്നത്.
ദശകങ്ങളായി നീണ്ടുനിന്ന മാവോവാദി ഭീഷണി അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് ഈ സംഭവത്തെ സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്.
സ്‌പെഷ്യൽ ഇന്റലിജൻസ് വിംഗിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ കന്ധമാൽ ജില്ലയിലെ രംഭ ഫോറസ്റ്റ് റേഞ്ചിൽ നടന്ന ഏറ്റുമുട്ടലിലാണ് ഗണേഷ് ഉയ്കിയെ വധിച്ചത്. സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, സി.ആർ.പി.എഫ്, ബി.എസ്.എഫ് എന്നിവരുടെ സംയുക്ത നീക്കത്തിലാണ് ഗണേഷ് ഉയ്കി അടക്കമുള്ള മാവോവാദികളെ വധിച്ചത്. ഗണേഷ് ഉയ്കിയടക്കം നാലുപേരെയാണ് വധിച്ചത്. ഇതിൽ രണ്ടുപേർ സ്ത്രീകളായിരുന്നു. സംഭവസ്ഥലത്തുനിന്ന് ഇൻസാസ് തോക്കുകളടക്കം പിടിച്ചെടുത്തു.
കമാൻഡർ എന്നതിലുപരി സംഘടനയുടെ നട്ടെല്ലായിരുന്നു ഗണേഷ് ഉയ്കി. ഒഡീഷയിലെയും അയൽ സംസ്ഥാനങ്ങളിലെയും ആശയവിനിമയം, ലോജിസ്റ്റിക്‌സ്, ധനകാര്യം എന്നിവ നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. സംഘടനയെ കോർത്തിണക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്ന നേതാവാണ് കൊല്ലപ്പെട്ടത്. ഇതോടെ സിപിഐ മാവോയിസ്റ്റിന്റെ നട്ടെല്ലാണ് തകർന്നിരിക്കുന്നത്.
നക്‌സൽ വിമുക്ത ഭാരതത്തിലേക്കുള്ള സുപ്രധാന നാഴികക്കല്ലാണ് ഈ ഓപ്പറേഷൻ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശേഷിപ്പിച്ചു. ഒഡീഷ പൂർണ്ണമായും മാവോവാദി വിമുക്തമാകുന്നതിന്റെ വക്കിലാണെന്നും, ശേഷിക്കുന്ന കേഡർമാരെ കൂടി പിടികൂടുന്നത് വരെ തിരച്ചിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ഒരു വലിയ മരത്തിന്റെ പ്രധാന വേരുകളെല്ലാം നശിക്കുകയും അവസാനത്തെ ഒരു വേര് മാത്രം ബാക്കിയാവുകയും ചെയ്യുന്നത് പോലെയാണ് ഇപ്പോൾ ഇന്ത്യയിലെ മാവോവാദി പ്രസ്ഥാനത്തിന്റെ അവസ്ഥ. ഏതു നിമിഷവും അത് പൂർണ്ണമായും കടപുഴകി വീണേക്കാമെന്ന പ്രതിസന്ധിയാണ് സംഘടന നേരിടുന്നത്. 2026 മാർച്ചിനകം രാജ്യത്തെ മാവോവാദി ഭീഷണി പൂർണമായും ഇല്ലാതാക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി ഒട്ടേറെ നേതാക്കളെയാണ് സുരക്ഷാ സേന പല സമയങ്ങളിലായി വധിച്ചത്. നടപടി കടുപ്പിച്ചതോടെ പല സംസ്ഥാനങ്ങളിൽനിന്നും മാവോവാദി കേഡർമാർ സർക്കാരിന് മുന്നിൽ ആയുധം വെച്ച് കൂട്ടത്തോടെ കീഴടങ്ങുന്ന വാർത്തകളും പുറത്തുവന്നിരുന്നു.
Content Highlights: Key Maoist leaders eliminated in Odisha operation. India on the verge of becoming Maoist-free. Central government targets complete eradication by March 2026. Read more.