ഗ്യാസ് പൈപ്പ്ലൈൻ ലഭ്യമായിടങ്ങളിലുള്ളവർ കണക്ഷനെടുക്കണം, അല്ലെങ്കിൽ LPG കണക്ഷൻ റദ്ദാകും

ന്യൂഡൽഹി: പൈപ്പിലൂടെയുള്ള പാചകവാതക (പിഎൻജി) വിതരണം വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. ഗ്യാസ് പൈപ്പ്ലൈൻ സൗകര്യം ലഭ്യമായ പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും പിഎൻജി കണക്ഷനിലേക്ക് മാറണമെന്നും, അല്ലാത്തപക്ഷം അവരുടെ എൽപിജി കണക്ഷൻ റദ്ദാക്കുമെന്നുമാണ് സർക്കാർ മുന്നറിയിപ്പ്. ഉത്തരവ് പ്രകാരം പൈപ്പ്ലൈനുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ തടയാൻ ഇനി മുതൽ ഹൗസിംഗ് സൊസൈറ്റികൾക്കോ റെസിഡൻസ് വെൽഫെയർ അസോസിയേഷനുകൾക്കോ കഴിയില്ല. ഇതുസംബന്ധിച്ച് സർക്കാർ കർശനമായ ഇടപെടൽ നടത്തും. യുദ്ധ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി പിഎൻജി വിതരണം വേഗത്തിലാക്കാനാണ് സർക്കാർ നീക്കം. പുതിയ സാഹചര്യത്തിൽ 2.25 ലക്ഷം പേരാണ് പുതുതായി പിഎൻജി കണക്ഷൻ എടുത്തത്. രാജ്യത്തെ എൽപിജി ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. നിലവിലെ യുദ്ധ സാഹചര്യം നീണ്ടുപോയാൽ ഇറക്കുമതിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് പ്രകൃതിവാതകത്തിലേക്ക് മാറാൻ സർക്കാർ ജനങ്ങളോട് ആവശ്യപ്പെടുന്നത്. വ്യാജപ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും എൽപിജി ഉൽപ്പാദനം പൂർണ്ണതോതിൽ നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
രാജ്യത്ത് ഇനി 10 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ മാത്രമേ ബാക്കിയുള്ളൂ എന്ന വിവരാകാശ രേഖകൾ പുറത്തുവന്നതോടെ ജനങ്ങളിൽ ആശങ്ക വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ആവശ്യത്തിന് ഇന്ധനം സംഭരിച്ചിട്ടുണ്ടെന്നും പെട്രോൾ പമ്പുകളിൽ അനാവശ്യ തിരക്ക് കൂട്ടേണ്ടതില്ലെന്നും പെട്രോളിയം സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാൻ റഷ്യയിൽ നിന്ന് 6 കോടി ബാരൽ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചു.
Content Highlights: Mandatory shift to PNG for households with pipeline infrastructure., LPG connections will be cancelled if PNG is ignored., Housing societies cannot obstruct pipeline installation projects., Government initiative to reduce reliance on imported LPG due to global instability., Assurance of adequate fuel reserves and rejection of panic buying rumors.