വിമാന യാത്രയ്ക്ക് ഇനി ചെലവേറും; ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ആഭ്യന്തര വിമാനടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രസർക്കാർ പിൻവലിച്ചു. തിങ്കളാഴ്ചമുതൽ പ്രാബല്യത്തിൽവരും. ഇതോടെ രാജ്യത്തെ വിമാനയാത്രയുടെ നിരക്ക് വർധിച്ചേക്കും. കഴിഞ്ഞ ഡിസംബറിൽ ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ തടസ്സങ്ങളെത്തുടർന്ന് നിരക്കിൽ വൻവർധനയുണ്ടായപ്പോഴാണ് കേന്ദ്രം പരിധിവെച്ചത്. നിയന്ത്രണം നീക്കുന്നതോടെ വിമാനക്കമ്പനികൾക്ക് യാത്രാതിരക്ക് കൂടുന്നതിന് അനുസരിച്ച് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനാകും. ഇത് അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് വർധിക്കാൻ ഇടയാക്കും.

അതേസമയം, യാത്രക്കാരെ ചൂഷണംചെയ്യുന്ന രീതിയിലുള്ള നിരക്ക് വർധനയുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് വ്യോമയാനമന്ത്രാലയം മുന്നറിയിപ്പുനൽകി. നിരക്കുകളുടെ സ്ഥിതി തത്സമയം നിരീക്ഷിക്കുമെന്നും വ്യക്തമാക്കി. ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധനവിലയിലുണ്ടായ വർധന വിമാനക്കമ്പനികളെ സമ്മർദത്തിലാക്കിയതോടെയാണ് ടിക്കറ്റ് നിരക്ക് നിയന്ത്രണം എടുത്തുകളയാൻ സർക്കാർ തീരുമാനിച്ചത്.

Content Highlights: Government lifts price caps on domestic airfares effective immediately