ഇറാനിൽ കുടുങ്ങിയ മലയാളി അക്ഷയ് ഹരീഷിനെ ഉടൻ നാട്ടിലെത്തിക്കും; എമർജൻസി സർട്ടിഫിക്കറ്റ് നൽകിയെന്ന് മന്ത്രാലയം

ന്യൂഡൽഹി: ഇറാനിൽ കുടുങ്ങിയ മലയാളി അക്ഷയ് ഹരീഷിനെ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ കൈക്കൊണ്ടതായി വിദേശകാര്യമന്ത്രാലയം. അക്ഷയ് ഹരീഷിന് അടിയന്തര യാത്രാരേഖ (എമർജൻസി ട്രാവൽ സർട്ടിഫിക്കറ്റ്) അനുവദിച്ചു. എമർജൻസി സർട്ടിഫിക്കറ്റിനായി നൽകിയ അപേക്ഷ പരിഗണിച്ചാണ് ഇപ്പോൾ രേഖ അനുവദിച്ചിരിക്കുന്നത്. എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമായതോടെ അക്ഷയ്ക്ക് നാട്ടിലേക്ക് തിരികെ യാത്രതിരിക്കാൻ സാധിക്കും.
അക്ഷയ് ഹരീഷിനെ എത്രയുംവേഗം ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിനായി എല്ലാവിധ ശ്രമങ്ങളും നടന്നുവരികയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രൺദീർ ജയ്സ്വാൾ അറിയിച്ചു. വിഷയത്തിൽ അക്ഷയിന്റെ തൊഴിൽദാതാവുമായി ബന്ധം പുലർത്തിവരുന്നുണ്ട്. കൂടാതെ ടെലിഫോൺ കോളുകൾ വഴിയുള്ള ആശയവിനിമയങ്ങളും എമർജൻസി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തുടർച്ചയായ നടപടികളും നടന്നുവരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൊല്ലം പ്രാക്കുളം സ്വദേശിയായ അക്ഷയ് ഹരീഷ് ഇറാനിൽ കുടുങ്ങിക്കിടക്കുകയാണ്. അലി ഷിപ്പിങ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലിൽ വാച്ച് കീപ്പറായി ജോലിചെയ്യുന്ന അക്ഷയ് ഹരീഷിന് പാസ്പോർട്ട് ഉൾപ്പെടെയുള്ള യാത്രാരേഖകളും വ്യക്തിഗത സാധനങ്ങളും നഷ്ടമായതിനെത്തുടർന്നാണ് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടായത്. നിലവിൽ ഇറാനിലെ ബന്ദർ ലെംഗെയിലുള്ള ഹോട്ടലിലാണ് അക്ഷയ് കഴിയുന്നത്.
Content Highlights: The Ministry of External Affairs has issued an emergency travel certificate for Akshay Harish, a stranded seafarer from Kollam, facilitating his safe and swift return from Iran.