മോദിയുടെ സന്ദർശനം: ഇസ്രയേലുമായി ചേർന്ന് മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിക്കാൻ പദ്ധതിയിട്ട് ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും |ഫോട്ടോ:PTI
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും |ഫോട്ടോ:PTI

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി, ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കാനും വിപുലീകരിക്കാനും തയ്യാറെടുത്ത് ഇന്ത്യ. ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, ലേസർ ആയുധങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവ സംയുക്തമായി വികസിപ്പിക്കുന്നതും ഇതിലുൾപ്പെടുന്നു. ഫെബ്രുവരി 25, 26 തീയതികളിലാണ് പ്രധാനമന്ത്രി മോദി ഇസ്രയേൽ സന്ദർശിക്കുന്നത്.

സുരക്ഷാ സഹകരണം സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പിട്ടേക്കും. എന്നാൽ പ്രതിരോധ കരാറിൽ ധാരണയുണ്ടാക്കിയേക്കില്ലെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തെക്കുറിച്ച് ഇരുപക്ഷവും പുറത്തുപറയാൻ മടിക്കുന്നെങ്കിലും ഏറ്റവും പുതിയ പ്രതിരോധ സാങ്കേതികവിദ്യകൾ ഇന്ത്യയുമായി പങ്കിടാൻ ഇസ്രയേൽ സമ്മതിച്ചുവെന്നും ഹിന്ദുസ്ഥാൻ ടൈംസ് പറയുന്നു. ഹൈടെക് ലേസർ പ്രതിരോധവും മറ്റ് നൂതന സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

കേന്ദ്ര പ്രതിരോധ സെക്രട്ടറി ആർ.കെ. സിങ് കഴിഞ്ഞ നവംബറിൽ നടത്തിയ ഇസ്രയേൽ സന്ദർശന വേളയിലാണ് പ്രതിരോധ സഹകരണം ഊട്ടിയുറപ്പിച്ചത്. ഈ സന്ദർശനവേളയിലാണ് വിപുലീകരിച്ച പ്രതിരോധ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം ഒപ്പിട്ടത്.

ഇന്ത്യ ഇസ്രയേലുമായി ചേർന്ന് ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നത് പരിഗണിക്കുന്നുവെന്നതാണ് പ്രധാനം. മിഷൻ സുദർശന്റെ ഭാഗമായി കൂടിയാണ് ഈ നീക്കം. ശത്രുക്കളുടെ ദീർഘദൂര മിസൈലുകളിൽ നിന്ന് ഇന്ത്യൻ ഉൾപ്രദേശങ്ങളെ സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. പ്രധാനമന്ത്രി മോദിയാണ് മിഷൻ സുദർശൻ പ്രഖ്യാപിച്ചത്.

മിസൈൽ പ്രതിരോധ സംവിധാനങ്ങളിൽ ഇസ്രയേൽ മുൻനിരയിലാണ്. കഴിഞ്ഞ ജൂണിൽ ഇറാൻ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകളിൽ 98 ശതമാനവും ഇസ്രയേലിന് തടയാനായിരുന്നു.

Content Highlights: India-Israel Defense Ties Deepen Ahead of PM Modi's Visit: Focus on Advanced Missile Defense