അണക്കെട്ടുകളുടെ ശേഷി കൂട്ടും, പുതിയ വൈദ്യുത പദ്ധതികള്‍; സിന്ധുനദിയില്‍ പണി തുടങ്ങി ഇന്ത്യ

സിന്ധു നദീജല കരാറിന്റെ ഭാഗമായ റംബാനിലെ ചെനാബ് നദിയില്‍ നിര്‍മ്മിച്ച ബാഗ്ലിഹാര്‍ ജലവൈദ്യുത പദ്ധതിയുടെ ദൃശ്യം |ഫോട്ടോ:ANI
സിന്ധു നദീജല കരാറിന്റെ ഭാഗമായ റംബാനിലെ ചെനാബ് നദിയില്‍ നിര്‍മ്മിച്ച ബാഗ്ലിഹാര്‍ ജലവൈദ്യുത പദ്ധതിയുടെ ദൃശ്യം |ഫോട്ടോ:ANI

ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിന് പിന്നാലെ പാകിസ്താനെ പ്രതികൂലമായി ബാധിക്കുന്ന നിര്‍ണായക നീക്കവുമായി ഇന്ത്യ. പാകിസ്താനിലേക്ക് ഒഴുകുന്ന നദികളില്‍ ഇന്ത്യയുടെ ഭാഗത്തുള്ള അണക്കെട്ടുകളുടെ സംഭരണശേഷി കൂട്ടാനുള്ള നടപടികള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃസ്വകാല നടപടിയെന്ന നിലയില്‍ അണക്കെട്ടുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മണ്ണും നീക്കം ചെയ്യാനുള്ള പ്രവൃത്തിയാണ് തുടങ്ങിയത്. മെയ് ഒന്നുമുതല്‍ പ്രവൃത്തികള്‍ ആരംഭിച്ചുവെന്നാണ് വിവരം. സലാല്‍, ബഗളിഹാര്‍ അണക്കെട്ടുകളിലെ സംഭരണശേഷിയാണ് ഇതിലൂടെ വര്‍ധിക്കുക. ഈ രണ്ട് അണക്കെട്ടുകളും നിര്‍മിച്ചതിനുശേഷം ഇന്നേവരെ ഇതിലടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്തിട്ടില്ല. അണക്കെട്ടുകളുടെ സംഭരണശേഷി ഇതുമൂലം കുറഞ്ഞതായാണ് കണക്കാക്കുന്നത്. 

സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. നേരത്തെ ഇത്തരം പ്രവൃത്തികള്‍ ചെയ്യണമെങ്കില്‍ പാകിസ്താന് മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടതുണ്ട്. അവരുടെ അനുമതി ഇല്ലാതെ ഇന്ത്യയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. അണക്കെട്ടില്‍ നിന്ന് അതിശക്തിയായി വെള്ളം പുറത്തേക്കൊഴുക്കിക്കളഞ്ഞാണ് ചെളിയും മണ്ണും നീക്കം ചെയ്യുക. ഇത് പാകിസ്താനില്‍ വെള്ളപ്പൊക്കത്തിന് കാരണമായേക്കാം. 

690 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ളത്ര ജലം സംഭരിക്കാനുള്ള സ്ഥാപിത ശേഷിയാണ് സലാല്‍ അണക്കെട്ടിനുള്ളത്. എന്നാല്‍, ചെളിയും മണ്ണും അടിഞ്ഞുകൂടിയതിനാല്‍ ഇപ്പോള്‍ അത്രയും ജലം സംഭരിക്കപ്പെടുന്നില്ല എന്നാണ് വിലയിരുത്തല്‍. സമാനമായി ബഗളിഹാര്‍ അണക്കെട്ടിന്റെ സ്ഥാപിത ശേഷി 900 മെഗാവാട്ടാണ്. ഇതും നിലവില്‍ ഇതേ സാഹചര്യത്താല്‍ സംഭരണശേഷി കുറഞ്ഞിരിക്കുന്നുവെന്നാണ് വിലയിരുത്തല്‍.

ചെളിയും മണ്ണും നീക്കി അണക്കെട്ടിനെ വൃത്തിയാക്കുന്നത് നാഷണല്‍ ഹൈഡ്രോപവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ്. ഹ്രസ്വകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്ക് പുറമേ ദീര്‍ഘകാല അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കും. സവാല്‍കോട്ടില്‍ നിര്‍മിക്കുന്ന 1856 മെഗാവാട്ട് വൈദ്യുത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗതയിലാക്കും. ഇതിന് പുറമെ കിര്‍ത്തായ്, പാകല്‍ ദൂള്‍ അണക്കെട്ടുകളുടെ നിര്‍മാണവും വേഗത്തില്‍ പൂര്‍ത്തിയാക്കും. മൂന്ന് പദ്ധതികളിലുമായി 2224 മെഗാവാട്ട് വൈദ്യുതിയാകും ഉത്പാദിപ്പിക്കാനാകുക. സലാല്‍, ബഗളിഹാര്‍ തുടങ്ങിയ അണക്കെട്ടുകളിലെ സംഭരണശേഷി ഉയര്‍ത്തുകയും ചെയ്യും. ഇന്ത്യയുടെ ഭാഗത്തുള്ള ഝലം, ചെനാബ് നദികളിലുള്‍പ്പെടെയുള്ള ആറ് അണക്കെട്ടുകളില്‍ നിന്നായി 10,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന തരത്തിലുള്ള നിര്‍മാണമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 

ഇതിനൊപ്പം കുടിവെള്ള വിതരണം, കൃഷിക്കുവേണ്ടിയുള്ള ജലസേചനം തുടങ്ങിയ കാര്യങ്ങള്‍ക്കായി ഇവയിലെ ജലം കൂടുതലായി ഉപയോഗിക്കാനുമാകും. കരാര്‍ മരവിപ്പിച്ചതിനാല്‍ കൂടുതല്‍ അണക്കെട്ടുകള്‍ നിര്‍മിക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് കൈവന്നിരിക്കുന്നത്. പാകിസ്താന് ജലം നല്‍കുന്നത് പെട്ടെന്ന് നിര്‍ത്തിവെക്കാന്‍ നിലവില്‍ ഇന്ത്യയ്ക്ക് സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. അധികമായി വരുന്ന ജലം സംഭരിക്കാനാവശ്യമായ അണക്കെട്ടുകളോ ജല സംഭരണികളോ നിലവില്‍ ആവശ്യത്തിനില്ല. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത്.


 

Content Highlights: Reservoir Flushing, 6 New Projects: India Acts After Indus Treaty Suspension