ഇന്ത്യ-ജർമ്മനി പ്രതിരോധ ബന്ധം: 800 കോടി ഡോളറിന്റെ സബ്മറൈൻ കരാർ അന്തിമഘട്ടത്തിൽ; വിസ പരിധി 80,000 ആയി ഉയർത്തും

#ന്യൂസ് ഡെസ്ക്
ജാസ്പർ വീക്ക് | Photo: 'X' @GermanAmbIndia
ജാസ്പർ വീക്ക് | Photo: 'X' @GermanAmbIndia

ന്യൂഡൽഹി/ബെർലിൻ: ആറാം തലമുറയിൽപ്പെട്ട മുങ്ങിക്കപ്പലുകൾ നിർമ്മിക്കുന്നതിനായുള്ള ഇന്ത്യ-ജർമ്മനി കരാർ ജർമ്മൻ ഭാഗത്തുനിന്ന് അന്തിമമാക്കിയതായും ഇന്ത്യയുടെ ആഭ്യന്തര നടപടികൾ പൂർത്തിയാകുന്നതിനായി കാത്തിരിക്കുകയാണെന്നും ഇന്ത്യയിലെ ജർമ്മൻ സ്ഥാനപതി ജാസ്പർ വീക്ക്. അടുത്ത തലമുറയിൽപ്പെട്ട ആറ് അന്തർവാഹിനികൾ നിർമ്മിക്കുന്നതിനായുള്ള ഏകദേശം 800 കോടി ഡോളറിന്റെ പ്രതിരോധ കരാറാണ് തയ്യാറാകുന്നത്.

ജർമ്മനിയുടെ തിസ്സൻക്രൂപ്പ് മറൈൻ സിസ്റ്റംസും ഇന്ത്യയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സും ചേർന്നാണ് ഈ അന്തർവാഹിനികൾ ഇന്ത്യയിൽ നിർമ്മിക്കുന്നത്. ജർമ്മനിയുടെ ഭാഗത്തുനിന്ന് കരാറിൽ നാളെ വേണമെങ്കിലും ഒപ്പുവെക്കാൻ തയ്യാറാണെന്ന് അറിയിച്ച സ്ഥാനപതി, ഇന്ത്യയിലേക്കുള്ള സാങ്കേതികവിദ്യ കൈമാറ്റത്തിലും കയറ്റുമതി ലൈസൻസുകളിലും മുൻപുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ജർമ്മനി വരുത്തിയ ഇളവുകൾ വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

ഇന്ത്യ ജർമ്മനിയുടെ വിശ്വസ്ത പങ്കാളിയാണെന്നും ജാസ്പർ വീക്ക് പറഞ്ഞു. വരും നാളുകളിൽ സൈബർ ശേഷികൾ, മിസൈൽ സാങ്കേതികവിദ്യ, സെൻസറുകൾ എന്നീ മേഖലകളിൽ ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തമാക്കാൻ ഈ കരാർ വഴിയൊരുക്കും. കൂടാതെ, സമുദ്ര സുരക്ഷയും നിരീക്ഷണവും വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയിലെ ഇൻഡോ-പസഫിക് ഇൻഫർമേഷൻ ഫ്യൂഷൻ സെല്ലിൽ ജർമ്മനി ഒരു ലെയ്സൺ ഓഫീസറെ നിയമിക്കുകയും സൈനിക തലത്തിലുള്ള സഹകരണം വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യൻ വിദഗ്ദ്ധ തൊഴിലാളികൾക്കും വിദ്യാർഥികൾക്കുമുള്ള വിസ പങ്കാളിത്തം വിപുലീകരിക്കുന്നതിന്റെ ഭാഗമായി, പ്രതിവർഷം നൽകുന്ന ദീർഘകാല വിസകളുടെ എണ്ണം നിലവിലെ 60,000-ൽ നിന്ന് 80,000 ആയി ഉയർത്താൻ ജർമ്മനി തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിൽ ജർമ്മൻ ഭാഷ പഠിപ്പിക്കുന്ന സ്കൂളുകളുടെ എണ്ണം 58-ൽ നിന്ന് 1,000 ആയി ഉയർത്തണമെന്ന് നിർദ്ദേശിച്ചിട്ടുള്ള ജർമ്മനി, ജർമ്മനിയിലേക്ക് ജോലി ആവശ്യങ്ങൾക്കായും പഠനത്തിനായും വരുന്നവർക്ക് അടിസ്ഥാനപരമായ ഭാഷാപരിജ്ഞാനം ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കി.

ജർമ്മനിയിലെ പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ തീവ്ര വലതുപക്ഷ പാർട്ടിയായ എ.എഫ്.ഡി നേടിയ വിജയങ്ങൾ ഇന്ത്യ-ജർമ്മനി ബന്ധത്തെയോ വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റത്തെയോ ബാധിക്കില്ലെന്നും ഉഭയകക്ഷി ബന്ധങ്ങൾ ഫെഡറൽ ഭരണഘടനയുടെയും നിയമങ്ങളുടെയും പരിധിയിലാണ് പ്രവർത്തിക്കുന്നതെന്നും സ്ഥാനപതി വ്യക്തമാക്കി.