‘മോദി കാര്യങ്ങൾ മുൻകൂട്ടി കാണും, അതനുസരിച്ച് പ്രവർത്തിക്കും’- പ്രധാനമന്ത്രി

ന്യൂഡൽഹി: താൻ കാര്യങ്ങൾ വളരെ മുൻകൂട്ടി ചിന്തിച്ച് തീരുമാനമെടുക്കുന്ന ആളാണെന്നും പ്രശ്‌നങ്ങൾക്കുള്ള പരിഹാരം പ്രായോഗികമായി നടപ്പിലാക്കാറുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാണയിൽ ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കവേയാണ് മോദിയുടെ അവകാശവാദം. റെയിൽവേയിൽ ദ്രുതഗതിയിൽ വൈദ്യുതികരണം നടത്തിയതും നിലവിലെ പശ്ചിമേഷ്യൻ സംഘർഷങ്ങളേയും സൂചിപ്പിച്ച് സംസാരിക്കവേയാണ് മോദി ഇക്കാര്യങ്ങൾ പറഞ്ഞത്.
കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യൻ റെയിൽവേ കൈവരിച്ച വേഗത്തിലുള്ള വൈദ്യുതീകരണം ആഗോള ഊർജ്ജ പ്രതിസന്ധികളെ അതിജീവിക്കാൻ ഇന്ത്യയെ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 1925 മുതൽ 2014 വരെയുള്ള 90 വർഷത്തിനിടെ റെയിൽവേ ശൃംഖലയുടെ 30 ശതമാനത്തിൽ താഴെ മാത്രമാണ് വൈദ്യുതീകരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 12 വർഷത്തിനുള്ളിൽ ഏകദേശം 99 ശതമാനം റെയിൽ ശൃംഖലയും വൈദ്യുതീകരിച്ചു. പഴയ വേഗതയിലായിരുന്നു ഇത് തുടർന്നതെങ്കിൽ റെയിൽവേ പൂർണ്ണമായി വൈദ്യുതീകരിക്കാൻ ഇനിയും 200 വർഷങ്ങൾ എടുക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിലും ഹോർമുസ് കടലിടുക്ക് മേഖലയിലും നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം കാരണം ഇന്ധന ഇറക്കുമതിയിൽ വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ട്. 2014-ന് മുമ്പുള്ള സാഹചര്യമായിരുന്നുവെങ്കിൽ, ട്രെയിനുകൾ ഡീസലിനെ അമിതമായി ആശ്രയിച്ചിരുന്നതിനാൽ ഇന്ധന വിതരണം തടസ്സപ്പെട്ട് റെയിൽവേ ശൃംഖല പൂർണ്ണമായും നിശ്ചലമാകുമായിരുന്നു. അത് കർഷകരെയും സാധാരണ യാത്രക്കാരെയും സാരമായി ബാധിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്നാണ് താൻ കാര്യങ്ങൾ വളരെ മുൻകൂട്ടി ചിന്തിച്ച് തീരുമാനമെടുക്കുന്ന ആളാണെന്നും പ്രശ്‌നങ്ങൾക്കുള്ള പരിഹാരം പ്രായോഗികമായി നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടത്. 19ാം നൂറ്റാണ്ട് ആവി എൻജിനുകളുടേതും, 20-ാം നൂറ്റാണ്ട് ഡീസൽ-ഇലക്ട്രിക് ട്രെയിനുകളുടേതുമായിരുന്നുവെങ്കിൽ, 21-ാം നൂറ്റാണ്ട് ഹൈഡ്രജൻ അധിഷ്ഠിത റെയിൽ ഗതാഗതത്തിന്റേതായിരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
Content Highlights: Inauguration of India's first hydrogen-powered train., Achievement of 99% railway network electrification over the last 12 years., Strategic shift from diesel reliance to sustainable energy to combat global fuel crises., Vision for the 21st century as the era of hydrogen-based rail transport.