യു.എസ്. ക്രൂഡിനേക്കാൾ കുറഞ്ഞ വില; വെനസ്വേലയിൽ നിന്ന് കൂടുതൽ എണ്ണവാങ്ങി ഇന്ത്യ

കൊച്ചി: ഇന്ത്യ ക്രൂഡോയിൽ വാങ്ങുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് വെനസ്വേല. സൗദി അറേബ്യയെയും യു.എസിനെയും പിന്നിലാക്കിയാണ് ഈ ലാറ്റിനമേരിക്കൻ രാജ്യത്തിന്റെ മുന്നേറ്റം. മേയ് മാസത്തിലെ ആദ്യ 20 ദിവസങ്ങളിൽ ഏപ്രിലിനേക്കാൾ 50 ശതമാനം കൂടുതൽ എണ്ണയാണ് വെനസ്വേലയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്.
മേയ് 20 വരെ പ്രതിദിനം 4.17 ലക്ഷം ബാരൽ (ബി.പി.ഡി.) എന്ന കണക്കിലാണ് വെനസ്വേലയിൽ നിന്ന് ക്രൂഡ് എത്തിയത്. ഏപ്രിലിൽ ഇത് 2.83 ലക്ഷം ബി.പി.ഡി. എന്ന നിലയിലായിരുന്നു. തൊട്ടുമുൻപുള്ള മാസങ്ങളിൽ സംപൂജ്യവും. യു.എസ്. ക്രൂഡിനേക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാകുന്നു എന്നതാണ് വെനസ്വേലിയൻ എണ്ണയ്ക്ക് നേട്ടമായത്.
ജനുവരിയിൽ യു.എസ്. സൈന്യം വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളസ് മഡൂറോടെ പിടികൂടിയിരുന്നു. പിന്നാലെ വെനസ്വേലയ്ക്ക് മേൽ ചുമത്തിയിരുന്ന ഉപരോധത്തിനും ഇളവ് പ്രഖ്യാപിച്ചു. ഇതോടെയാണ് വെനസ്വേലയിൽ നിന്ന് ക്രൂഡ് ഇന്ത്യയിലേക്ക് എത്തിത്തുടങ്ങിയത്.
ഒന്നാമത് റഷ്യ
റഷ്യ തന്നെയാണ് നിലവിൽ ഇന്ത്യയിലേക്കുള്ള ക്രൂഡ് വ്യാപാരത്തിൽ മുന്നിൽ. മേയ് മാസത്തിൽ ഇതുവരെ 19.83 ലക്ഷം ബി.പി.ഡി. ക്രൂഡോയിലാണ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. ഏപ്രിലിൽ ഇത് 15.7 ലക്ഷം ബി.പി.ഡി. ആയിരുന്നു.
രണ്ടാം സ്ഥാനത്തുള്ള യു. എ.ഇ.യിൽ നിന്ന് 5.63 ലക്ഷം ബി.പി.ഡി. എണ്ണയാണ് ഇന്ത്യയിലെത്തിയത്. ഇത് ഏപ്രിൽ മാസത്തിലെ 5.67 ലക്ഷം ബി.പി.ഡി.യെ അപേക്ഷിച്ച് കുറവാണ്. മൂന്നാം സ്ഥാനത്തുള്ള വെനസ്വേലയ്ക്ക് തൊട്ടുതാഴെയുള്ള സൗദി അറേബ്യയും അംഗോളയും മേയിൽ യഥാക്രമം 3.4 ലക്ഷം ബി.പി.ഡി., 2.94 ലക്ഷം ബി.പി.ഡി. എന്നിങ്ങനെ ഇന്ത്യയിലേക്ക് എത്തിച്ചു. ആറാം സ്ഥാനത്തുള്ള യു.എസിൽ നിന്ന് 2.93 ലക്ഷം ബി.പി.ഡി. എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്തു. അതേസമയം, ഇന്ത്യയുടെ ആകെ പ്രതിമാസ ക്രൂഡ് ഇറക്കുമതി മേയിൽ എട്ട് ശതമാനം വർധിച്ച് 49 ലക്ഷം ബി.പി.ഡി.യിലെത്തിയിരുന്നു.
Content Highlights: Venezuela rises to India's third-largest crude oil supplier in May., Imports surged by 50% compared to April, reaching 4.17 lakh BPD., Competitive pricing compared to US crude drives the shift., Russia remains the top supplier, followed by UAE in second place., Total Indian crude imports increased by 8% in May.