പാക് അധീന കശ്മീരിലെ പാകിസ്താന്റെ അതിക്രമങ്ങൾ: അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഇന്ത്യ

ന്യൂഡൽഹി: പാക് അധീന കശ്മീരിൽ സാധാരണക്കാർക്ക് നേരെ പാകിസ്താൻ നടത്തുന്ന ക്രൂരമായ അതിക്രമങ്ങളിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും പാകിസ്താനെ ഇതിന് ഉത്തരവാദികളാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങളെ അടിച്ചമർത്തുന്ന പാകിസ്താൻ നടപടിയെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. പാക് അധീന കശ്മീരിൽ പാകിസ്താൻ സൈന്യം നടത്തുന്ന അടിച്ചമർത്തലിൽ ഇതുവരെ നാൽപ്പതിലധികം ആളുകൾ കൊല്ലപ്പെട്ടതായും ഒഒട്ടേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.
രാഷ്ട്രീയ-സാമ്പത്തിക പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് ജോയിന്റ് ആവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിൽ ജൂൺ 9 മുതൽ പാക് അധീന കശ്മീരിൽ വൻ പ്രതിഷേധങ്ങൾ നടക്കുകയാണ്. ഈ മാർച്ചുകൾക്ക് നേരെ പാക് സുരക്ഷാ സേന വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. പ്രക്ഷോഭം അടിച്ചമർത്തുന്നതിന്റെ ഭാഗമായി മേഖലയിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.
സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങളെ ശത്രുക്കൾ എന്ന് പാക് പ്രതിരോധ മന്ത്രി വിളിച്ചത് ജനങ്ങളോടുള്ള പാക് ഭരണകൂടത്തിന്റെ അവജ്ഞയാണ് വെളിവാക്കുന്നതെന്ന് ഇന്ത്യ വിമർശിച്ചു. പാക് അധീന കശ്മീരിലെ നിയമവിരുദ്ധമായ കൊലപാതകങ്ങളെക്കുറിച്ച് അന്താരാഷ്ട്ര സംഘടനകൾ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Content Highlights: India demands international intervention regarding violence in PoK., Over 40 civilians reported killed by Pakistani security forces., Protests led by Joint Awami Action Committee (JAAC) since June 9., Pakistan accused of suppressing peaceful dissent through internet blackouts and media censorship.