ഫീസ് അടച്ചതിൽ 200 രൂപ കുറവ് ഉൾപ്പെടെ 14 പിഴവുകൾ; എസ്.ഐ.ആറിൽ ഇന്ത്യ സഖ്യത്തിന്റെ ഹർജികൾ ഇന്ന് പരിഗണിച്ചേക്കില്ല

ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിലെ (എസ്.ഐ.ആർ.) ക്രമക്കേടും ഫോം ആറിലെ ഭേദഗതിയും ചോദ്യംചെയ്ത് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യസഖ്യ നേതാക്കൾ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കില്ല. ഹർജിയിലെ 14 പഴവുകൾ സുപ്രീം കോടതി രജിസ്ട്രി ചൂണ്ടിക്കാട്ടിയിട്ടും തിരുത്തിയിട്ടില്ല. ഇതുകൊണ്ടാണ് ഹർജി പരിഗണിച്ചേക്കില്ലെന്ന റിപ്പോർട്ടുകൾ വരുന്നത്. അതേസമയം തിരുത്തൽ നടപടികൾ അവസാനഘട്ടത്തിലാണെന്നാണ് രാഹുലിന്റെ അഭിഭാഷകർ പറയുന്നത്. ഫീസ് അടച്ചതിൽ 200 രൂപയുടെ കുറവ് വന്നതുൾപ്പെടെയുള്ള ചെറിയ പിഴവുകളാണ് സുപ്രീം കോടതി രജിസ്ട്രി മുന്നോട്ടുവെച്ചിരുന്നത്. ഈ പിഴവുകൾ മാറ്റി വീണ്ടും ഫയൽ ചെയ്യാനാണ് അഭിഭാഷകരുടെ നീക്കം.
അതേസമയം ഇതേ വിഷയത്തിലെ മറ്റു ഹർജികളും രാഹുലുമായി ബന്ധപ്പെട്ട കേസിലെ മറ്റ് ഹർജികളും ചൊവ്വാഴ്ച പരിഗണിക്കുന്നുണ്ട്. ഇതോടൊപ്പം പ്രതിപക്ഷ നേതാക്കൾ ഫയൽചെയ്ത പരാതികളും കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കഴിഞ്ഞദിവസം സൂചന നൽകിയിരുന്നു. അല്ലാത്തപക്ഷം, ഈ ഹർജി ഉടൻ ലിസ്റ്റ് ചെയ്യണമെന്ന് അഭിഭാഷകർ സുപ്രീംകോടതിയോട് അഭ്യർഥിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരേയും എതിർകക്ഷികളാക്കിയാണ് ഹർജി ഫയൽചെയ്തത്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെക്കൂടാതെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സൗഗതാ റോയ് (തൃണമൂൽ കോൺഗ്രസ് മമത), അഖിലേഷ് യാദവ് (എസ്.പി.), തേജസ്വി യാദവ് (ആർ.ജെ.ഡി.), സഞ്ജയ് റാവത്ത് (ശിവസേനാ ഉദ്ദവ്) എം.എ. ബേബി (സി.പി.എം.), ഡി. രാജ (സി.പി.ഐ.), മഹുവാ മാഝി (ജെ.എം.എം.), സുപ്രിയാ സുലെ (എൻ.സി.പി. ശരദ് പവാർ), ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്) എന്നിവരാണ് ഹർജിയിൽ ഒപ്പുവെച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയിലേക്ക് നേരിട്ടെത്തി ഹർജി ഫയൽ ചെയ്യാനായിരുന്നു നീക്കം. എന്നാൽ, രാഹുൽ നയിച്ച ഇന്ത്യസഖ്യത്തിന്റെ മാർച്ച് സുപ്രീംകോടതിക്ക് സമീപമെത്തുമ്പോഴേക്കും രജിസ്ട്രിയുടെ സമയം അവസാനിക്കാറായതിനാൽ ഓൺലൈനായി ഫയൽചെയ്തു. പിന്നീട് രാഹുൽ ഗാന്ധിയും നേതാക്കളും സുപ്രീംകോടതിയിലെത്തി.
Content Highlights: INDIA bloc's petition against the Election Commission may not be heard today due to registry defects., Rahul Gandhi and other opposition leaders filed the petition regarding Form 6 amendments., Legal team is rectifying minor errors, including a Rs 200 fee shortfall., Chief Justice Surya Kant indicated that related petitions are listed for Tuesday.