ശത്രുഡ്രോണുകളെ ഞൊടിയിടയിൽ തകർക്കാൻ ഇന്ത്യയുടെ 'ഭാർഗവാസ്ത്ര'; പൊഖ്റാനിലെ പരീക്ഷണങ്ങൾ വിജയകരം

#ന്യൂസ് ഡെസ്ക്
ഭാർഗവാസ്ത്ര പരീക്ഷണം | Photo: ANI
ഭാർഗവാസ്ത്ര പരീക്ഷണം | Photo: ANI

ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യ വികസിപ്പിച്ചെടുത്ത അത്യാധുനിക പ്രതിരോധ സംവിധാനമായ 'ഭാർഗവാസ്ത്ര'യുടെ വികസന പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. രാജസ്ഥാനിലെ പൊഖ്റാൻ ഫീൽഡ് ഫയറിങ് റേഞ്ചിൽ നവംബർ 20 മുതൽ 24 വരെയാണ് പരീക്ഷണങ്ങൾ നടന്നത്. ഒരേസമയം, നിരവധി ഡ്രോണുകൾ കൂട്ടമായി ആക്രമിക്കുന്ന സാഹചര്യങ്ങളെ നേരിടാൻ ഈ സംവിധാനത്തിന് കഴിയും.

സോളാർ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ലിമിറ്റഡ് ആണ് ഭാർഗവാസ്ത്ര വികസിപ്പിച്ചത്. ശത്രുക്കളുടെ ഡ്രോണുകൾ, ആയുധങ്ങൾ ഘടിപ്പിച്ച ആളില്ലാ വിമാനങ്ങൾ, സ്വയം നിയന്ത്രിത ഡ്രോണുകൾ എന്നിവയെ തകർക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സാധാരണ പ്രതിരോധ സംവിധാനങ്ങളിൽനിന്ന് വ്യത്യസ്തമായി, ഇലക്ട്രോണിക് സിഗ്നലുകൾ തടസ്സപ്പെടുത്തുക മാത്രമല്ല, ശത്രു ഡ്രോണുകളെ നേരിട്ട് തകർക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം.

രണ്ട് തലങ്ങളിലായുള്ള പ്രതിരോധ സംവിധാനമാണ് ഭാർഗവാസ്ത്രയുടെ പ്രത്യേകത. തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റുകളും കൃത്യതയോടെ ലക്ഷ്യത്തിലെത്തുന്ന ചെറു മിസൈലുകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരേസമയം നിരവധി ഡ്രോണുകൾ എത്തുന്ന സാഹചര്യത്തിൽ റോക്കറ്റുകൾ ഉപയോഗിച്ച് അവയെ നേരിടാനും കൂടുതൽ കൃത്യത ആവശ്യമുള്ള ലക്ഷ്യങ്ങൾ മൈക്രോ മിസൈലുകൾ ഉപയോഗിച്ച് തകർക്കാനും കഴിയും.

ഡ്രോണുകളെ കണ്ടെത്താനും അവയുടെ സഞ്ചാരപാത നിരീക്ഷിക്കാനും റഡാർ, റേഡിയോ ഫ്രീക്വൻസി സെൻസറുകൾ, പകലും രാത്രിയും പ്രവർത്തിക്കുന്ന നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്രോണുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനം വഴി വിവരങ്ങൾ വിശകലനംചെയ്ത് അവയെ തകർക്കാനുള്ള നടപടികൾ സ്വീകരിക്കും. ഏകദേശം പത്ത് കിലോമീറ്റർ ദൂരത്തുനിന്ന് ഡ്രോണുകളെ കണ്ടെത്താൻ കഴിയുന്ന റഡാർ സംവിധാനവും ഇതിനുണ്ട്.

വാഹനങ്ങളിൽ ഘടിപ്പിച്ച് ആവശ്യാനുസരണം വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി വിന്യസിക്കാമെന്നതും ഭാർഗവാസ്ത്രയുടെ പ്രത്യേകതയാണ്. മരുഭൂമി, സമതലങ്ങൾ, സമുദ്രനിരപ്പിൽനിന്ന് 5,000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. വികസന പരീക്ഷണങ്ങൾ പൂർത്തിയായതോടെ ഈ മാതൃക സൈന്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുള്ള അടുത്ത ഘട്ടത്തിലേക്ക് കടക്കും. കൂടുതൽ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷമായിരിക്കും തുടർനടപടികൾ.

Content Highlights: Bhargavastra is India's first indigenous dual-head, vehicle-mounted anti-drone system., Successfully tested at the Pokhran Field Firing Range from November 20 to 24., Developed by Solar Defence and Aerospace Limited (SDAL)., Capable of destroying swarming enemy drones using rockets and micro-missiles., Features a radar system with a detection range of approximately 10 kilometers.