INDIA മുന്നണിയുടെ യോഗം നാളെ ഡൽഹിയിൽ; ഡിഎംകെ വിട്ടുനിൽക്കും; സഖ്യത്തിൽ ഭിന്നതയില്ലെന്ന് കോൺഗ്രസ്

#ന്യൂസ് ഡെസ്ക്
INDIA മുന്നണി യോ​ഗത്തിൽ നിന്ന് (ഫയൽ ചിത്രം) | Photo: PTI
INDIA മുന്നണി യോ​ഗത്തിൽ നിന്ന് (ഫയൽ ചിത്രം) | Photo: PTI

ന്യൂഡൽഹി: ബി.ജെ.പി സർക്കാരിനെതിരെ സംയുക്തതന്ത്രം രൂപീകരിക്കുന്നതിനും പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനുമായി 'ഇന്ത്യ' (INDIA) മുന്നണി നേതാക്കൾ തിങ്കളാഴ്ച ന്യൂഡൽഹിയിൽ യോഗം ചേരും. എന്നാൽ, നിർണായകമായ യോഗത്തിന് മുന്നോടിയായി പ്രതിപക്ഷ പാളയത്തിൽ ഭിന്നതകൾ പരസ്യമായി. കോൺഗ്രസ് പങ്കെടുക്കുന്നതിനാൽ മുന്നണിയുടെ യോഗത്തിന്റെ ഭാഗമാകില്ലെന്ന് ഡി.എം.കെ പ്രഖ്യാപിച്ചു.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളെച്ചൊല്ലി കോൺഗ്രസുമായുണ്ടായ ഭിന്നതയെത്തുടർന്നാണ് ഡി.എം.കെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ടി.വി.കെയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയത് മുതൽ അവർക്കെതിരെ കടുത്ത നിലപാടാണ് ഡി.എം.കെ സ്വീകരിക്കുന്നത്. കോൺഗ്രസ് പങ്കെടുക്കുന്ന ഒരു യോഗത്തിലും ഡി.എം.കെ പങ്കെടുക്കില്ലെന്ന് പാർട്ടി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

എന്നാൽ, മുന്നണി യോഗത്തിൽനിന്ന് ഡി.എം.കെ വിട്ടുനിൽക്കുന്നത് മുന്നണിയുടെ ഐക്യത്തെ ബാധിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. സഖ്യത്തിൽ യാതൊരുവിധ ഭിന്നതകളുമില്ലെന്നും പ്രതിപക്ഷം ഇപ്പോഴും ശക്തമായി മുന്നോട്ടുപോവുകയാണെന്നും കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ജയറാം രമേശ് അറിയിച്ചു. ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടക്കുന്ന യോഗത്തിൽ 23 രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കുമെന്നും അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി.

വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ജൂൺ എട്ടിലെ യോഗത്തിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കും പുറമെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, ശിവസേന (യു.ബി.ടി) തലവൻ ഉദ്ധവ് താക്കറെ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തേക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, 2024 ജൂൺ ഒന്നിനാണ് ഇതിന് മുൻപ് മുന്നണിയുടെ ഔദ്യോഗിക യോഗം ന്യൂഡൽഹിയിൽ നടന്നത്.

Content Highlights: The opposition INDIA alliance leaders are scheduled to meet in New Delhi on June 8 to devise a joint strategy against the BJP government, amidst an open rift as DMK announced it will boycott the event due to political disputes with Congress over its alliance with TVK.