ആഫ്രിക്കയിൽ എബോള പടരുന്നു; ഇന്ത്യ – ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി മാറ്റിവെച്ചു

ന്യൂഡൽഹി: ആഫ്രിക്കയിലെ ചില ഭാഗങ്ങളിൽ എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ, മേയ് 28 മുതൽ ന്യൂഡൽഹിയിൽ നടത്താനിരുന്ന നാലാമത് ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി മാറ്റിവെച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സൗത്ത് കിവു പ്രവിശ്യയിൽ ഉൾപ്പെടെ രോഗം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. ആഫ്രിക്കൻ യൂണിയനുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഉച്ചകോടി നീട്ടിവെക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ആരോഗ്യസുരക്ഷയ്ക്കും എബോള പ്രതിരോധത്തിനുമാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് ഇരുവിഭാഗവും വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങളിലെ പൊതുജനാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആഫ്രിക്ക സി.ഡി.സി. പോലുള്ള സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുന്നതിനും ഇന്ത്യയും ആഫ്രിക്കൻ യൂണിയനും തമ്മിലുള്ള സഹകരണം തുടരും. ഉച്ചകോടിയുടെ പുതുക്കിയ തീയതികൾ ചർച്ചകളിലൂടെ പിന്നീട് തീരുമാനിക്കും.
ഇന്ത്യയിൽ ഇതുവരെ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ലോകാരോഗ്യ സംഘടന ആഫ്രിക്കയിലെ സാഹചര്യം അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതോടെ രാജ്യം ജാഗ്രതയിലാണ്. വിമാനത്താവളങ്ങളിലെ പരിശോധന, ക്വാറന്റൈൻ സംവിധാനങ്ങൾ, ലാബ് പരിശോധനകൾ എന്നിവ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
Content Highlights: The 4th India-Africa Forum Summit is officially postponed due to regional Ebola outbreaks., The decision follows consultations between the Indian government and the African Union