85% എഥനോൾ ഇന്ധനമായി വരുന്നു, ഈ വർഷം 500 പമ്പുകൾ സജ്ജമാക്കും- പെട്രോളിയം മന്ത്രി

മുംബൈ: രാജ്യത്ത് 85 ശതമാനം എഥനോൾ ചേർന്ന ഇന്ധനം ഉടൻ ലഭ്യമാക്കിത്തുടങ്ങുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഘട്ടംഘട്ടമായി ഇത് വ്യാപകമാക്കുന്നതിനാണ് പദ്ധതി. തുടക്കത്തിൽ ഡൽഹി-എൻ.സി.ആർ. മേഖല, മുംബൈ, പുണെ, നാസിക് എന്നിവിടങ്ങളിലാകും കൊണ്ടുവരിക.
ഡിസംബറോടെ 500 പമ്പുകളാണ് സജ്ജമാക്കുക. 2027 അവസാനത്തോടെ ഇത് 5,000 ആയി ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്‌ളെക്‌സ് ഫ്യൂവൽ കൂടുതൽ വ്യാപകമാക്കി, പെട്രോളിയം ഇറക്കുമതി കുറയ്ക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഡൽഹിയിൽ മാരുതി സുസുക്കിയുടെ ഫ്‌ളെക്‌സ് ഫ്യുവൽ വാഹമായ വാഗൺ ആർ അവതരിപ്പിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 100 ശതമാനം എഥനോൾ ഉപയോഗിച്ച് ഓടാൻ കഴിയുന്ന വാഹനമാണ് മാരുതി സുസുക്കി അവതരിപ്പിച്ചിട്ടുള്ളത്.
ഇ 85 ഇന്ധനത്തിൽ 85 ശതമാനംവരെ എഥനോൾ ആയിരിക്കും. വൈദ്യുതവാഹനങ്ങളെക്കാൾ മലിനീകരണം കുറഞ്ഞ ഇന്ധനമെന്ന നിലയിലാകും ഇതിനെ കണക്കാക്കുക. പുതിയ ഊർജസ്രോതസ്സുകളിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമാണിത്.
രാജ്യത്ത് 50 ശതമാനം ഇരുചക്ര-നാലുചക്ര വാഹനങ്ങൾ ഫ്‌ളെക്‌സ് ഫ്യൂവലിലേക്കുമാറിയാൽ എഥനോളിന്റെ ആവശ്യം 311.8 കോടി ലിറ്ററായി ഉയരും. ഇത് രാജ്യത്തെ കർഷകർക്ക് 12,403 കോടി രൂപയുടെ അധിക വരുമാനം ഉറപ്പാക്കും. കാർബൺ ബഹിർഗമനത്തിൽ 66.4 ലക്ഷം മെട്രിക് ടണ്ണിന്റെ കുറവുണ്ടാകുമെന്നും ഹർദീപ് സിങ് പുരി അഭിപ്രായപ്പെട്ടു.
കൂടുതൽ കമ്പനികൾ വൈകാതെ ഫ്‌ളെക്‌സ് ഫ്യുവൽ വാഹനങ്ങൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചടങ്ങിൽ സംബന്ധിച്ച കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പ്രതീക്ഷ പ്രകടിപ്പിച്ചു.
Content Highlights: Introduction of 85% ethanol-blended fuel (E85) in key cities., 500 fuel stations to be operational by December 2026., Expansion target of 5,000 stations by end of 2027., Projected 12,403 crore INR income boost for farmers., Goal to reduce petroleum imports and carbon emissions.