‘ഗോമൂത്രവിദഗ്ധൻ’ പരാമർശം; 'പാണ്ഡിത്യത്തെ അപമാനിക്കരുത്', പ്രിയങ്ക ഗാന്ധിക്ക് കത്തെഴുതി വിദഗ്ധർ

ന്യൂഡൽഹി: ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടിക്കെതിരേ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ പരോക്ഷ പരാമർശം വിവാദത്തിൽ. പരീക്ഷാക്രമക്കേട് തടയുന്നതുമായി ബന്ധപ്പെട്ട ബില്ലിൽ ലോക്‌സഭയിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു പ്രിയങ്കയുടെ പരാമർശം. ഇതിനെ വിമർശിച്ച് വൈസ് ചാൻസലർമാരും മുൻ വൈസ് ചാൻസലർമാരും അക്കാദമിക് വിദഗ്ധരുമടങ്ങുന്ന 215 സംഘത്തിന്റെ കത്ത് പ്രിയങ്കയ്ക്ക് കൈമാറി.
പരീക്ഷാ പരിഷ്‌കരണത്തിനായി സർക്കാർ രൂപീകരിച്ച പുതിയ ടാസ്‌ക് ഫോഴ്‌സിന്റെ ഘടനയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു പ്രിയങ്കയുടെ പരാമർശം. പുതിയ ടാസ്‌ക് ഫോഴ്സ് അംഗം കൂടിയായ ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫസർ വി. കാമകോടിയെ അവർ 'ഗോമൂത്ര വിദഗ്ധൻ' എന്ന് വിശേഷിപ്പിച്ചായിരുന്നു പ്രിയങ്കയുടെ പരാമർശം. ടാസ്‌ക് ഫോഴ്സിൽ ഒരു മുൻ ഐബി മേധാവി, ഒരു ഐടി കമ്പനി ഉടമ, ഒരു 'ഗോമൂത്ര വിദഗ്ധൻ' എന്നിവരാണുള്ളത്, ഇവർക്ക് വിദ്യാഭ്യാസത്തെക്കുറിച്ച് എന്തറിയാമെന്നാണ് അവർ ചോദിച്ചത്. പ്രസംഗത്തിൽ പേര് നേരിട്ട് പറഞ്ഞിരുന്നില്ലെങ്കിലും, ഇത് കാമകോടിയെ ലക്ഷ്യം വെച്ചുള്ളതാണെന്ന് വ്യക്തമായിരുന്നു. തുടർന്നാണ് ഇതിനെതിരേ അക്കാദമിക് സമൂഹം രംഗത്തെത്തിയത്.
പ്രൊഫസർ കാമകോടിയെ 'ഗോമൂത്ര വിദഗ്ധൻ' എന്ന് വിശേഷിപ്പിച്ചത് ഒരു വിശിഷ്ട ശാസ്ത്രജ്ഞന്റെ അക്കാദമിക് യോഗ്യതകളെ താഴ്ത്തിക്കെട്ടുന്നതാണ്. രാഷ്ട്രീയ പ്രസംഗത്തിനിടയിലുള്ള ഇത്തരം പരാമർശങ്ങൾ നിരാശാജനകമാണെന്ന് അവർ കത്തിൽ രേഖപ്പെടുത്തി. ഇത്തരം പരാമർശങ്ങൾ ഇന്ത്യയിലെ അക്കാദമിക്-ഗവേഷണ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ശാസ്ത്രജ്ഞർക്കും പണ്ഡിതർക്കും ഭയമില്ലാതെ പൊതുചർച്ചകളിൽ പങ്കെടുക്കാൻ കഴിയണം. അവരുടെ വാദങ്ങളെയും തെളിവുകളെയും വിമർശിക്കാമെങ്കിലും പാണ്ഡിത്യത്തെ അപമാനിക്കരുത്. പണ്ഡിതന്മാരുടെ ആശയങ്ങളോട് സംവദിക്കുന്നതിന് പകരം അവരെ ഇത്തരം ലേബലുകൾ ഉപയോഗിച്ച് തള്ളിക്കളയുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ശാസ്ത്രീയ മനോഭാവത്തെ തകർക്കാൻ ഇടയാക്കും. ശാസ്ത്രജ്ഞർക്കും പണ്ഡിതർക്കും ഭയമില്ലാതെ പൊതുചർച്ചകളിൽ പങ്കെടുക്കാനുള്ള സാഹചര്യം ഉണ്ടാവണമെന്ന് അവർ കത്തിൽ ആവശ്യപ്പെട്ടു.
ഐഐടി മദ്രാസിൽ നിന്ന് എം.എസ്, പിഎച്ച്.ഡി ബിരുദങ്ങൾ നേടിയിട്ടുള്ള അക്കാദമിക് പണ്ഡിതനാണ് പ്രൊഫസർ വി. കാമകോടി. 150-ലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ ഇൻഡസ്ട്രി ഗ്രേഡ് മൈക്രോപ്രൊസസ്സറിന് പിന്നിലെ പ്രധാന വ്യക്തി കൂടിയായ അദ്ദേഹം രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരിൽ ഒരാളായാണ് അറിയപ്പെടുന്നത്. ഡിആർഡിഒ അക്കാദമിക് എക്‌സലൻസ് അവാർഡ്, ഇന്ത്യൻ ഇലക്ട്രോണിക്‌സ് ആൻഡ് സെമികണ്ടക്ടർ അസോസിയേഷൻ ടെക്‌നോ വിഷനറി അവാർഡ് എന്നിവ നേടിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ മുൻനിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി മദ്രാസിന്റെ മേധാവിയായി സേവനമനുഷ്ഠിക്കുകയാണ്.
കഴിഞ്ഞ ജനുവരിയിൽ, ഗോമൂത്രത്തിന്റെ ഔഷധഗുണങ്ങളെ കുറിച്ച് പ്രൊഫസർ കാമകോടി നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധി ഇത്തരം പരാമർശങ്ങൾ നടത്തിയത്. ഗോമൂത്രത്തിന് ബാക്ടീരിയകളേയും ഫംഗസിനേയും പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നും ഐബിഎസ് പോലുള്ള രോഗങ്ങളെ സുഖപ്പെടുത്തുമെന്നും കാമകോടി അവകാശപ്പെട്ടിരുന്നു. ഗോമൂത്രത്തിന്റെ ഈ ഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും അമേരിക്കയിലെ പ്രമുഖ ജേണലുകളിലും പ്രശസ്ത ശാസ്ത്ര മാസികയായ 'നേച്ചറിലും' ഇതുമായി ബന്ധപ്പെട്ട ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചർച്ചകളുയരുകയും ചെയ്തിരുന്നു. എന്നാൽ വിഖ്യാതമായ ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തി കപടശാസ്ത്രം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തുകയും ചെയ്തു.
Content Highlights: Priyanka Gandhi faced backlash for remarks against IIT Madras Director V. Kamakoti., 215 academics signed a letter condemning the disparaging comments., The controversy stems from Kamakoti's previous statements on cow urine research., Prof. V. Kamakoti is a noted technocrat and researcher in microprocessors., The academic community advocates for respectful discourse toward scientists.