‘ഗോമൂത്രത്തിന് ഔഷധഗുണം’, പദ്മശ്രീ ലഭിച്ച മദ്രാസ് ഐഐടി ഡയറക്ടറെ പരിഹസിച്ച് കോൺഗ്രസ്

ചെന്നൈ: മദ്രാസ് ഐഐടി ഡയറക്ടർ വി. കാമകോടിയ്ക്ക് പദ്മശ്രീ നൽകി ആദരിച്ചതിൽ പരിഹാസവുമായി കോൺഗ്രസ് രംഗത്ത്. വിദ്യാഭ്യാസരംഗത്തെ സംഭാവനകൾക്കാണ് അദ്ദേഹത്തിന് പദ്മശ്രീ ലഭിച്ചതെങ്കിലും ഗോമൂത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ മുൻകാല പരാമർശങ്ങളെ കോൺഗ്രസ് പരിഹസിച്ചു. കോൺഗ്രസിന്റെ കേരള ഘടകമാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ പരിഹസിച്ചിരിക്കുന്നത്.
"പദ്മശ്രീ ലഭിച്ച വി. കാമകോടിയ്ക്ക് അഭിനന്ദനങ്ങൾ. ലോകവേദികളിൽ ഗോമൂത്രത്തെ എത്തിച്ച നിങ്ങളുടെ അത്യാധുനികഗവേഷണത്തെ രാജ്യം തിരിച്ചറിഞ്ഞു." പുരസ്കാര പ്രഖ്യാപനത്തോടുള്ള കാമാകോടിയുടെ പ്രതികരണം ഉൾക്കൊള്ളുന്ന ഒരു വീഡിയോയും ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
2022 മുതൽ ഐഐടി മദ്രാസ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന കാമകോടിയ്ക്ക് വിദ്യാഭ്യാസം, ഗവേഷണം എന്നിവയിലെ സംഭാവനകൾക്കാണ് പദ്മശ്രീ ലഭിച്ചത്. കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ അദ്ദേഹം കമ്പ്യൂട്ടർ ആർക്കിടെക്ചർ, മൈക്രോപ്രൊസസർ ഡിസൈൻ, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിൽ പ്രശസ്തനാണ്.
കഴിഞ്ഞ വർഷം ഒരു പൊതുപരിപാടിയിൽ, തദ്ദേശീയ വിജ്ഞാന സംവിധാനങ്ങളെയും ഓർഗാനിക് ഫാമിങ്ങിനെയും കുറിച്ച് സംസാരിക്കുമ്പോൾ ഗോമൂത്രത്തിൻ്റെ ഔഷധഗുണങ്ങളെക്കുറിച്ച് കാമകോടി നടത്തിയ പരാമർശങ്ങളെ കോൺഗ്രസ് പ്രസ്താവനയിൽ പരാമർശിച്ചു. ഈ പ്രസ്താവനകൾക്ക് നേരത്തെ കാമകോടി വിമർശനങ്ങൾ നേരിട്ടിരുന്നു. പ്രമുഖ സാങ്കേതിക സ്ഥാപനത്തിൻ്റെ തലവന് ചേരാത്ത ശാസ്ത്രീയമല്ലാത്ത ആശയങ്ങൾ പ്രചരിപ്പിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.
ഡിഎംകെ, എഐഎഡിഎംകെ നേതാക്കളും ഒരു ഐഐടി ഡയറക്ടറിൽ നിന്ന് ഇത്തരം പ്രസ്താവനകൾ ഉണ്ടാകുന്നത് ശരിയല്ലെന്ന് പ്രതികരിച്ചിരുന്നു. വ്യക്തിപരമായ വിശ്വാസങ്ങൾ ശാസ്ത്രീയപരമായ അവകാശവാദങ്ങളായി അവതരിപ്പിക്കരുത് എന്ന് ചിലർ വാദിച്ചു. എന്നാൽ, നിരവധി പ്രമുഖരിൽ നിന്ന് കാമകോടിയ്ക്ക് പിന്തുണ ലഭിച്ചിരുന്നു. അദ്ദേഹത്തിനെതിരായ രാഷ്ട്രീയ ആക്രമണങ്ങളെ അവർ പ്രതിരോധിക്കുകയും അദ്ദേഹത്തിൻ്റെ പ്രൊഫഷണൽ സംഭാവനകളെ തിരഞ്ഞെടുക്കപ്പെട്ട ഉദ്ധരണികളിലേക്ക് ചുരുക്കരുത് എന്ന് വാദിക്കുകയും ചെയ്തു.
Content Highlights: Congress criticizes IIT Madras Director V. Kamakoti`s Padma Shri award, referencing his past remarks on cow urine, questioning scientific claims.