ഐഐടി ബോംബെയിലെ വിദ്യാർഥിയുടെ മരണം: സമരക്കാരുടെ 18 ആവശ്യങ്ങൾ അംഗീകരിച്ച് ഡയറക്ടർ, അന്വേഷണം ക്രൈംബ്രാഞ്ചിന്

മുംബൈ: ഐഐടി ബോംബെയിൽ വിദ്യാർഥി പ്രതിഷേധം ശക്തമായതിനെ തുടർന്ന് വിദ്യാർഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിച്ച് ഡയറക്ടർ. 18 ആവശ്യങ്ങൾ അടങ്ങിയ അവകാശ പത്രിക ഐഐടി ഡയറക്ടർ പ്രൊഫ. ശിരീഷ് കേദാരെ ഒപ്പുവെച്ചു. ക്യാമ്പസ് പ്രധാന കവാടത്തിന് മുന്നിൽ മൂന്ന് ദിവസമായി വിദ്യാർഥികൾ നടത്തിവന്ന ഉപരോധ സമരത്തിനും മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചകൾക്കും ശേഷമാണ് ഞായറാഴ്ച അർധരാത്രിയോടെ ഡയറക്ടർ അവകാശ പത്രികയിൽ ഒപ്പുവെച്ചത്.
സെപ്റ്റംബർ 18-ന് രണ്ടാം വർഷ എനർജി സയൻസ് വിദ്യാർഥിയായ സാഹിൽ വാക്കോഡെയെ (22) ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെ തുടർന്നാണ് ക്യാമ്പസിൽ വിദ്യാർഥി പ്രക്ഷോഭം ആരംഭിച്ചത്. സാഹിലിന് അധ്യാപകനിൽനിന്ന് ജാതിയധിക്ഷേപവും പീഡനവും നേരിടേണ്ടി വന്നതായി സാഹിലിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രൊഫ. ദൂല്ലയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനും എസ്‌സി/എസ്ടി അതിക്രമ നിരോധന നിയമപ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിന്റെ അന്വേഷണം നിലവിൽ മുംബൈ ക്രൈംബ്രാഞ്ചിനാണ്.
സാഹിലിന്റെ മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുക, മാനസികാരോഗ്യ സുരക്ഷയ്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈക്യാട്രിസ്റ്റ് സേവനം ലഭ്യമാക്കുക, പ്രൊഫസർമാർക്ക് പെരുമാറ്റച്ചട്ടം നടപ്പിലാക്കുക, മാനസികാരോഗ്യ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക, സമാധാനപരമായി സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാതിരിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ. ഇതനുസരിച്ച്, സെപ്റ്റംബർ 26-നകം ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള രേഖാമൂലമുള്ള പദ്ധതി സമർപ്പിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ ഡയറക്ടർ രാജി വെക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: IIT Bombay director signed the charter of 18 demands after student protests and discussions., Protests erupted following the death of second-year student Sahil Wakode in his hostel room., Family alleged caste-based harassment and bullying by a professor, leading to police action., Management agreed to ensure fair investigation, mental health support, and code of conduct for professors., Crime Branch is investigating the case, while IIT Bombay authorities deny harassment allegations.