ഇന്ത്യയില്‍ കഴിയാന്‍ ആഗ്രഹിക്കുന്നവർ 'ഭാരത് മാതാ കീ ജയ്' വിളിക്കണം- കേന്ദ്രമന്ത്രി

കൈലാഷ് ചൗധരി | PTI
കൈലാഷ് ചൗധരി | PTI

ഹൈദരാബാദ്: ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവർ 'ഭാരത് മാതാ കീ ജയ്' വിളിക്കണമെന്ന് കേന്ദ്രമന്ത്രി കൈലാഷ് ചൗധരി. ബി.ജെ.പി.യുടെ കര്‍ഷക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 

ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കില്ലെന്ന് പറയുന്ന ഇന്ത്യക്കാര്‍ നശിച്ചുപോകും. ഇന്ത്യയില്‍ കഴിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഭാരത് മാതാ കീ ജയ് എന്നു പറയണം. ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ നിങ്ങള്‍ പാകിസ്താന്‍ സിന്ദാബാദ് എന്നു പറയുമോ? 'വന്ദേമാതരം, ഭാരത് മാതാ കീ ജയ്' എന്നു പറയുന്നവര്‍ക്ക് മാത്രമേ ഈ രാജ്യത്ത് സ്ഥാനമുള്ളൂവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ഇത്തരത്തില്‍ ഭാരത് മാതാ കീ ജയ് എന്നു പറയാത്തതോ ഹിന്ദുസ്ഥാനിലും ഭാരതത്തിലും വിശ്വാസമില്ലാത്തതോ ആയ, പാകിസ്താന്‍ സിന്ദാബാദില്‍ വിശ്വസിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ പാകിസ്താനില്‍ പോകണം. ഇവിടെ ആവശ്യമില്ല. രാജ്യത്തിന് അതിന്റെ ദേശീയതാ പ്രത്യയശാസ്ത്രം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

കോൺഗ്രസിനെതിരേയും മന്ത്രി വിമർശനമുന്നയിച്ചു. ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി രൂപവത്കരിച്ച കോണ്‍ഗ്രസ് എന്ന പേര് ആദ്യം മോഷ്ടിച്ചു. പിന്നീട് മഹാത്മാഗാന്ധിയില്‍നിന്ന് ഗാന്ധിയും ഇപ്പോള്‍ 'ഇന്ത്യ'യും മോഷ്ടിച്ചെന്നും കൈലാഷ് ചൗധരി പറഞ്ഞു. 

Content Highlights: if want to live in india, have to say bharat mata ki jai, union minister