തെലങ്കാന ടണൽ അപകടം; കുടുങ്ങിയവരുമായി ആശയവിനിമയം നടത്താനായിട്ടില്ല, വെല്ലുവിളിയായി മണ്ണും ചളിയും

തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം | Photo: PTI
തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം | Photo: PTI

ഹൈദരാബാദ്: തെലങ്കാനയിൽ തകർന്ന തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുന്നു. അവശിഷ്ടങ്ങൾക്കിടയിൽ തുരങ്കത്തിൽ കുടുങ്ങിയവരുമായി  ബന്ധപ്പെടാൻ രക്ഷാപ്രവർത്തകർക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് വിവരം.  പണി നടക്കുന്നതിനിടെ തുരങ്കത്തിന്റെ ഒരുഭാഗം തകർന്നുവീണാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണിക്കായി തൊഴിലാളികളുപയോഗിച്ചിരുന്ന ബോറിങ് മെഷിനടുത്ത് വരെ രക്ഷാപ്രവർത്തകർ എത്തിയതായി നാഗർകുർണൂൽ ജില്ലാ കളക്ടർ ബി സന്തോഷ് വ്യക്തമാക്കി.

സ്ഥലത്തെ ചളി രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. തുരങ്കത്തിൽ ഓക്‌സിജനും വൈദ്യുതിയും ലഭ്യമാക്കിയിട്ടുണ്ട്. വെള്ളം വറ്റിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്. എൻഡിആർഎഫിൻ്റെ നാല് ടീമുകൾ, 24 സൈനികർ, എസ്ഡിആർഎഫ് ഉദ്യോഗസ്ഥർ, സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡിലെ (എസ്‌സിസിഎൽ) 23 അംഗങ്ങൾ, ഇൻഫ്രാ സ്ഥാപനത്തിലെ അംഗങ്ങൾ എന്നിവരാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. 

ശനിയാഴ്ച രാവിലെയാണ് മേൽക്കൂര പൊളിഞ്ഞ് അപകടമുണ്ടായത്. ടണലിൽ എട്ടുപേർ കുടുങ്ങിയതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് എഞ്ചിനിയർമാരും ആറു തൊഴിലാളികളുമാണ് കുടുങ്ങിയിട്ടുള്ളത്. ബാക്കിയുള്ളവർ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കുറച്ചുനാളായി നിർമാണ പ്രവർത്തനങ്ങൾ നടക്കാതിരുന്ന തുരങ്കത്തിൽ നാലു ദിവസം മുമ്പാണ് വീണ്ടും നിർമാണം ആരംഭിച്ചത്.

Content Highlights: Rescue operations underway in Hyderabad after a tunnel collapse traps 8 workers.