കോവോവാക്സ് വാക്‌സിന്‍ ഒക്ടോബറില്‍ എത്തിയേക്കും; പ്രതീക്ഷ പ്രകടിപ്പിച്ച് അദര്‍ പൂനാവാല

അദര്‍ പൂനവാല | Photo: ANI
അദര്‍ പൂനവാല | Photo: ANI

ന്യൂഡല്‍ഹി: അമേരിക്കന്‍ വാക്സിന്‍ നിര്‍മാതാക്കളായ നോവവാക്സ് വികസിപ്പിച്ചെടുത്ത കോവോവാക്സ് വാക്‌സിന്‍ ഒക്ടോബറിലും അടുത്ത വര്‍ഷം ആദ്യവുമായി ഇന്ത്യയില്‍ പുറത്തിറക്കാന്‍ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദര്‍ പൂനാവാല. മുതിര്‍ന്നവര്‍ക്കുള്ള കോവോവാക്സ് വാക്‌സിന്‍ ഒക്ടോബറിലും കുട്ടികള്‍ക്കു വേണ്ടിയുള്ള വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യവുമായി പുറത്തിറക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

മുതിര്‍ന്നവര്‍ക്കുള്ള കോവോവാക്സ് ഒക്ടോബറില്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അംഗീകാരത്തെ ആശ്രയിച്ചാണ് ഇതെന്നും പൂനാവാല പറഞ്ഞു. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യം, മിക്കവാറും ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പുറത്തിറക്കാന്‍ സാധിച്ചേക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പൂനാവാല വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

കോവോവാക്സ് വാക്സിന്‍ സെപ്തംബറിനുള്ളില്‍ രാജ്യത്ത് ലഭ്യമായേക്കുമെന്നാണ് അദര്‍ പൂനാവാല നേരത്തെ പറഞ്ഞിരുന്നത്. ഒരു ഡോളറിന് താഴെ മാത്രമേ ഇതിന് ചെലവ് വരുന്നുള്ളൂവെങ്കിലും വിതരണത്തിനെത്തുമ്പോള്‍ കോവിഷീല്‍ഡിനേക്കാള്‍ വിലയുണ്ടായിരിക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിനിടെ സൂചിപ്പിച്ചിരുന്നു. കോവിഡിനെതിരെ 90 ശതമാനത്തിലധികമാണ് കോവോവാക്സ് ഫലപ്രാപ്തി തെളിയിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Hope to launch Covovax for adults in October, in early 2022 for kids, says Adar Poonwalla

Content Highlights: