പ്രണയവിവാഹം നിയന്ത്രിക്കണം, പെൺകുട്ടി ഒളിച്ചോടുന്നത് സമുദായത്തിന് അപമാനം; റാലിയുമായി ഹിന്ദുസംഘടനകൾ

#സ്വന്തം ലേഖകൻ
പ്രതീകാത്മചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

അഹമ്മദാബാദ്: പ്രണയവിവാഹങ്ങള്‍ നിയന്ത്രിക്കാന്‍ നിയമംവേണമെന്നാവശ്യപ്പെട്ട് ഗുജറാത്തിലെ മഹെസാണയില്‍ വിവിധ ഹിന്ദുസമുദായ സംഘടനകള്‍ സംയുക്തമായി റാലിനടത്തി. ജനക്രാന്തി മഹാറാലിയില്‍ ആയിരക്കണക്കിനുപേര്‍ അണിനിരന്നു. കളക്ടര്‍ക്ക് നിവേദനവുംനല്‍കി.

പ്രണയവിവാഹങ്ങള്‍ രജിസ്റ്റര്‍ചെയ്യുന്നതിന് അച്ഛനമ്മമാരുടെ ഒപ്പ് നിര്‍ബന്ധമാക്കുക, വധുവിന്റെ രജിസ്ട്രാര്‍ ഓഫീസ് പരിധിയില്‍ വിവാഹംനടത്തുക, വരന് 30 വയസ്സിനുമുകളില്‍ പ്രായമുണ്ടെങ്കില്‍ വധുവിന്റെ അച്ഛനമ്മമാരുടെപേരില്‍ പത്തുലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തുക, പ്രണയവിവാഹിതര്‍ക്ക് പാരമ്പര്യസ്വത്തിലുള്ള അവകാശം എടുത്തുകളയുക, സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 വയസ്സാക്കി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. 

പട്ടേല്‍സമുദായ സംഘടനകളാണ് പ്രധാനമായും പങ്കെടുത്തത്. ചെറുപ്രായത്തിലേ പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത് വീട്ടുകാര്‍ക്കും സമുദായത്തിനും നാണക്കേടാണെന്ന് ഇവര്‍ ആരോപിച്ചു. ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി എഎപി നേതാവും എംഎല്‍എയുമായ ഗോപാല്‍ ഇടാലിയ അടുത്തിടെ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.

ആവശ്യം നിലനില്‍ക്കില്ല

കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തിലെ ആവശ്യം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2005-ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ (ഭേദഗതി) നിയമപ്രകാരം പിതാവിന്റെ കുടുംബ സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യ അവകാശമുണ്ടെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ആദിവാസി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്ക് തുല്യമായ പിന്തുടര്‍ച്ചാവകാശമുണ്ടെന്ന് സുപ്രീംകോടതിയും നേരത്തെ വിധിച്ചതാണ്. 

Content Highlights: hindu groups demand stricter laws on love marriages including parental consent for marriage