ദീപാവലിക്കും വേഷം ധരിക്കുമോ?; ഭക്ഷണ വിതരണ ജീവനക്കാരന്റെ സാന്റാ വേഷം അഴിപ്പിച്ച് ഭീഷണി

Photo: Screengrab from Viral Video
Photo: Screengrab from Viral Video

ഇന്ദോര്‍: ക്രിസ്മസ് പ്രമാണിച്ച് സാന്റാ ക്ലോസിന്റെ വേഷം ധരിച്ചെത്തിയ ഫുഡ് ഡെലിവറി ജീവനക്കാരന് ഭീഷണി. സൊമാറ്റോ ജീവനക്കാരനെ ഹിന്ദു ജാഗ്രണ്‍ മഞ്ച് നേതാവ് സുമിത് ഹാര്‍ദിയ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

സാന്റാ ക്ലോസിന്റെ വസ്ത്രം ധരിച്ചാണോ ഭക്ഷണം വിതരണം ചെയ്യുന്നത് എന്ന സുമിത്തിന്റെ ചോദ്യത്തിന് അതെ എന്ന് ജീവനക്കാരന്‍ മറുപടി നല്‍കി.

ദീപാവലിക്ക് നീ വേഷം ധരിച്ച് വീടുകളില്‍ പോവാറുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. അതിന് ജീവനക്കാരന്‍ ഇല്ലെന്ന് മറുപടി നല്‍കി. കമ്പനിയാണ് തന്നോട് ഈ വേഷം ധരിക്കാന്‍ ആവശ്യപ്പെട്ടതെന്നും അയാള്‍ പറഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് ജീവനക്കാരന്റെ സാന്റാ വേഷം അഴിപ്പിക്കുകയായിരുന്നു. 

എന്ത് സന്ദേശമാണ് നമ്മള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് ? സാന്താക്ലോസിന്റെ വേഷം ധരിച്ച് മാത്രമേ ഭക്ഷണം നൽകു എന്നുണ്ടോ? നിങ്ങള്‍ ഒരു സന്ദേശം നല്‍കണമെന്നുണ്ടെങ്കില്‍ ഭഗത് സിങ്ങിന്റേയോ ചന്ദ്രശേഖര്‍ ആസാദിന്റേയോ വേഷം ധരിക്കൂ എന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. 

ഇത്തരത്തിലുള്ള പ്രലോഭനങ്ങളാണ് പലപ്പോഴും മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്. ജീവനക്കാരെ ഇത്തരം വേഷം ധരിക്കാന്‍ പ്രേരിപ്പിക്കുന്ന ഫുഡ് ഡെലിവറി കമ്പനി ഉടകളുടെ മാനസികാവസ്ഥയെയും സുമിത് ചോദ്യം ചെയ്യുന്നുണ്ട്. 

Content Highlights: A food delivery driver dressed as Santa faced threats from a Hindu group in India.