തമിഴ് സിനിമ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് പണമുണ്ടാക്കാം, പഠിക്കുന്നതിനാണ് പ്രശ്നം- പവൻ കല്യാൺ

ന്യൂ ഡല്‍ഹി: തമിഴ് സിനിമകള്‍ ഹിന്ദിയില്‍ ഡബ് ചെയ്ത് ദേശീയതലത്തില്‍ പ്രേക്ഷകരെ നേടുന്നതിലും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനും തമിഴ്‌നാടിന് പ്രശ്‌നമില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് ഹിന്ദി ഭാഷ പഠനവിഷയമാകുമ്പോള്‍ ഭാഷാനയം പറഞ്ഞ് ഡി.എം.കെ. ഇരട്ടത്താപ്പ് കളിക്കുകയാമെന്നും ആന്ധ്ര ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണ്‍. ബോളിവുഡില്‍നിന്ന് അവര്‍ക്ക് പണം വേണം, പക്ഷേ ഹിന്ദി അംഗീകരിക്കാനാവില്ല. അതെന്തുതരം ലോജിക്കാണ് എന്നായിരുന്നു പവന്‍ കല്യാണിന്റെ ചോദ്യം. ആന്ധ്രാപ്രദേശിലെ ജനസേന പാര്‍ട്ടിയുടെ സ്ഥാപകനായ പവന്‍ കല്യാണ്‍ കേന്ദ്രത്തില്‍ ബി.ജെ.പിയെ ആണ് പിന്തുണയ്ക്കുന്നത്.
അതേസമയം, പവന്‍ കല്യാണിന്റെത് ഉപരിപ്ലവമായ ആരോപണമാണെന്നും ഭാഷാരാഷ്ട്രീയത്തില്‍ തമിഴ്‌നാട് പുലര്‍ത്തിവരുന്ന നിലപാടുകളെക്കുറിച്ച് ധാരണയില്ലാത്തതിനാലാണ് പവന്‍ കല്യാണ്‍ പൊള്ളയായ വാദങ്ങള്‍ നിരത്തുന്നതെന്നും ഡി.എം.കെ. വക്താവ് ഡോ. സയിദ് ഹഫീസുള്ള പ്രതികരിച്ചു. 'ഹിന്ദിയോ മറ്റേതു ഭാഷയോ തമിഴ്‌നാട്ടിലെ ജനങ്ങള്‍ പഠിക്കുന്നത് സംസ്ഥാനം ഒരിക്കലും എതിര്‍ത്തിട്ടില്ല, എതിർക്കുന്നത് ജനങ്ങള്‍ക്കുമേല്‍ നിര്‍ബന്ധിച്ച് അടിച്ചേല്‍പിക്കുന്നതിലാണ്.' - ഹഫീസുള്ള പറഞ്ഞു.
സംസ്ഥാനത്തിന്റെ ഭാഷാനയത്തെ ഡബ്ബിങ് സിനികളുടെ വിജയത്തെ വാണിജ്യപരമായി തുലനം ചെയ്യുന്നത് വിഷയത്തെ അമിതമായി ലളിതവൽക്കരിക്കുകയാണ്. തമിഴ്‌നാട് കാലങ്ങളായി പുലര്‍ത്തിവരുന്ന നിലപാടിനെ പവന്‍ കല്യാണ്‍ നിസ്സാരവത്ക്കരിക്കുകയാണെന്നും ഡി.എം.കെ. ആരോപിച്ചു. താല്പര്യമുള്ളവര്‍ക്ക് ഹിന്ദി പഠിക്കാനായി സര്‍ക്കാര്‍ ഹിന്ദി പ്രചാരസഭ നടത്തുന്നുണ്ട്. ആളുകള്‍ക്ക് ഹിന്ദി പഠിക്കണമെന്നുണ്ടെങ്കില്‍ അവര്‍ക്കങ്ങനെ ചെയ്യാമെന്നും ദേശീയ വിദ്യാഭ്യാസനയത്തിലൂടെയും പിഎം ശ്രീ വിദ്യാലയങ്ങളിലൂടെയും കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി നിര്‍ബന്ധിതഭാഷയാക്കുമ്പോഴാണ് പ്രശ്‌നമുയരുന്നതെന്നും ഹഫീസുള്ള പറഞ്ഞു.
'1938 മുതല്‍ ഞങ്ങള്‍ ഹിന്ദിയെ എതിര്‍ത്തുകൊണ്ടിരിക്കുകയാണ്. തമിഴ്നാട് എക്കാലവും പിന്തുടരുന്ന ദ്വിഭാഷാ ഫോര്‍മുല ഞങ്ങള്‍ സംസ്ഥാന നിയമസഭയില്‍ പാസാക്കിയത് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ ഉപദേശങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ്, അല്ലാതെ അഭിനേതാക്കളുടെ ഇഷ്ടത്തിനല്ല. ബില്ല് പാസ്സാക്കുന്ന കാലത്ത് പവന്‍ കല്യാണ്‍ ജനിച്ചിട്ടുപോലുമുണ്ടാവില്ല. അദ്ദേഹത്തിന് തമിഴ്‌നാട് രാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയില്ല. ഹിന്ദിയെ ഞങ്ങള്‍ എതിര്‍ക്കുന്നത് ഇത് ആദ്യത്തെ തവണയൊന്നുമല്ല, മാതൃഭാഷയിലൂന്നിയ പഠനത്തിലൂടെയാണ് ആളുകളെ മികച്ച രീതിയില്‍ പരിശീലിപ്പിച്ചെടുക്കാന്‍ കഴിയുക എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പവന്‍ കല്യാണിന് എതുവിധേനയും ബി.ജെ.പിയെ പിന്തുണയ്ക്കണം, എന്നാല്‍ മാത്രമേ അദ്ദേഹത്തിന് ബി.ജെ.പി. സര്‍ക്കാറില്‍നിന്ന് എന്തെങ്കിലുമൊക്കെ കിട്ടുകയുളളൂ'- ഡി.എം.കെ. നേതാവ് ടി.കെ.എസ്. ഇളങ്കോവന്‍ പ്രതികരിച്ചു.
Content Highlights: hindi language imposition pavan kalyan voice against dmk