രാജിവെക്കില്ലെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു; 'ഞാന്‍ പോരാളിയാണ്, പോരാടും'

ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു
ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു

ഷിംല: താന്‍ രാജിവെച്ചിട്ടില്ലെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു. രാജ്യസഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ നാടകീയതകള്‍ക്കിടെയാണ് സുഖു രാജിവെച്ചതായ റിപ്പോര്‍ട്ട് വന്നത്. 'ഞാന്‍ രാജിവെക്കില്ല,ഞാന്‍ പോരാളിയാണ്, പോരാട്ടം തുടരും'രാജി വാര്‍ത്ത തള്ളിക്കൊണ്ട് സുഖു പറഞ്ഞു.

ഒരു വിഭാഗം എംഎല്‍എമാര്‍ വിമത നീക്കം നടത്തിയതോടെ സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് തീവ്രശ്രമങ്ങളാണ് നടത്തിവരുന്നത്.  രാജ്യസഭാ തിരഞ്ഞെടുപ്പിലെ കൂറുമാറ്റത്തിന് പിന്നാലെ പിസിസി അധ്യക്ഷന്‍ പ്രതിഭാ സിങിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

പിസിസി അധ്യക്ഷയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ ഭാര്യയുമായ പ്രതിഭാ സിങിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. സംസ്ഥാനത്ത്‌ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് പിന്നാലെ പ്രതിഭ സിങ്ങും മുഖ്യമന്ത്രി പദത്തിനായി ശ്രമിച്ചെങ്കിലും ഹൈക്കമാന്‍ഡ് സുഖുവിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു.

കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ള ഹിമാചലില്‍ പാര്‍ട്ടിയുടെ ആറ് എം.എല്‍.എ.മാരും പാര്‍ട്ടിയെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്രരും കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടുചെയ്തിരുന്നു. ഇതോടെ ജയമുറപ്പിച്ചിരുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിംഘ്വി അപ്രതീക്ഷിതമായി തോറ്റു.

സുഖ്വിന്ദര്‍ സിങ് സുഖുവിനെതിരായ നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു തിരഞ്ഞെടുപ്പിലെ കൂറുമാറ്റം. സുഖുവിനെ നീക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ എംഎല്‍എമാര്‍ രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡി.കെ.ശിവകുമാറിനേയും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയേയും അനുനയ നീക്കങ്ങള്‍ക്കായി നിയോഗിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റം ചര്‍ച്ച ചെയ്യാമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ നിലപാട്. എന്നാല്‍ വിമത നീക്കം ബിജെപി മുതലെടുക്കാന്‍ ശ്രമിച്ചതോടെ നേതൃമാറ്റമടക്കം കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.

ഹിമാചല്‍ മന്ത്രിസഭയ്‌ക്കെതിരേ ബി.ജെ.പി. അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ നീക്കങ്ങള്‍ നടത്തിയിരുന്നു. ബിജെപി എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ജയ്‌റാം ഠാക്കൂര്‍ ഉള്‍പ്പടെയുള്ള 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. സ്പീക്കറുടെ ചേംബറില്‍ മുദ്രവാക്യം വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാരോപിച്ചാണ് നടപടി.
 

Content Highlights: Himachal Pradesh CM Sukhvinder Singh Sukhu resigns