അതിവേഗം തീപിടിക്കും, 21000 KG പ്രൊപ്പിലീനുമായി ടാങ്കർ മറിഞ്ഞു, 20 KM ഗതാഗത കുരുക്ക്

#ന്യൂസ് ഡെസ്ക്
Photo: PTI
Photo: PTI

മുംബൈ: അതിവേഗം തീ പിടിക്കാൻ സാധ്യതയുള്ള ഏകദേശം 21,000 കിലോ ഗ്രാം വാതകവുമായെത്തിയ ടാങ്കർ മറിഞ്ഞു. മുംബൈ-പുണെ എക്‌സ്പ്രസ് വേയിൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഒരൊറ്റ തീപ്പൊരി വൻ സ്‌ഫോടനത്തിന് വഴിവെച്ചേക്കുമെന്നതിനാൽ അതുവഴിയുള്ള ഗതാഗതം അധികൃതർ തടഞ്ഞത് 32 മണിക്കൂറോളം. ശേഷം എൻഡിആർഎഫ്, എസ്ഡിആർഎഫ് തുടങ്ങിയവരുടെ സഹായത്തോടെ വാതകച്ചോർച്ച നിയന്ത്രിച്ച് ടാങ്കറിൽനിന്ന് വാതകം മറ്റ് ടാങ്കറുകളിലേക്ക് മാറ്റി.

മുംബൈ-പുണെ എക്‌സ്പ്രസ് വേ കടന്നുപോകുന്ന റായ്ഗഡ് ജില്ലയിലെ അദോഷി ടണലിൽ ആയിരുന്നു അപകടം. പിന്നാലെ 20 കിലോമീറ്ററോളം ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ കുടിവെള്ളമോ ഭക്ഷണമോ കിട്ടാതെ വലഞ്ഞു. ബുധനാഴ്ച രാത്രി വൈകിയാണ് മറിഞ്ഞ ടാങ്കറിൽനിന്ന് വാതകം മറ്റ് ടാങ്കറുകളിലേക്ക് മാറ്റിയത്.

ടാങ്കർ മറിഞ്ഞതിന് പിന്നാലെ രൂപംകൊണ്ട ഗതാഗതക്കുരുക്ക് | Photo:PTI

വളരെ കുറഞ്ഞ സാന്ദ്രതയിലാണെങ്കിൽ പോലും അതിവേഗം തീ പിടിക്കാനും സ്‌ഫോടനത്തിനും സാധ്യതയുള്ള പ്രൊപ്പിലീൻ വാതകമായിരുന്നു ടാങ്കറിലുണ്ടായിരുന്നത്. മാത്രമല്ല, ഇത് വായുവിൽ കലരുന്ന പക്ഷം ആളുകൾക്ക് ബോധക്കേട് ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളും അനുഭവപ്പെട്ടേക്കാം.

മറിഞ്ഞതിന് പിന്നാലെ ടാങ്കറിന്റെ മൂന്ന് ബാൾ വാൽവുകൾക്കും കേടുപാട് സംഭവിച്ചിരുന്നു. പിന്നാലെ വാതകം ചോരാനും ആരംഭിച്ചു. ഇതോടെ അപകടസാധ്യത മുന്നിൽക്കണ്ട് പാതയുടെ ഇരുവശത്തെയും ഗതാഗതം അധികൃതർ നിർത്തിവെപ്പിച്ചു. പിന്നാലെ എൻഡിആർഎഫ്, എസ്ഡിആർഎഫ്, ബിപിസിഎൽ സംഘങ്ങൾ സ്ഥലത്തെത്തി. വാതകച്ചോർച്ച നിയന്ത്രിക്കുകയും മറ്റ് ടാങ്കറുകളിലേക്ക് മാറ്റുകയും ചെയ്തു. മറിഞ്ഞ ടാങ്കറിനെ ഉയർത്താനും രക്ഷാപ്രവർത്തകർക്ക് ഏറെ പണിപ്പെടേണ്ടിവന്നു. നാല് ക്രെയിനുകളും അഗ്നിരക്ഷാസേനയുടെ വാഹനങ്ങളും ഇതിനായി വിനിയോഗിച്ചു.

Content Highlights: highly inflammable compressed gas containing tanker overturned in mumbai pune expressway heavy jam