'സമൂഹത്തെ മാത്രമല്ല അവർ കുടുംബങ്ങളെയും തകർക്കുന്നു'; ചംപായ് സോറന്റെ നീക്കങ്ങൾക്കിടെ ഹേമന്ത് സോറൻ

റാഞ്ചി: മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ ചംപായ് സോറന്റെ പാര്‍ട്ടി വിടാനുള്ള നീക്കങ്ങള്‍ക്കിടെ പരോക്ഷപ്രതികരണവുമായി ജെ.എം.എം. അധ്യക്ഷനും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍. അവര്‍ സമൂഹത്തെ മാത്രമല്ല പാര്‍ട്ടികളേയും കുടുംബങ്ങളെയും
തകര്‍ക്കുമെന്ന് ഹേമന്ത് സോറന്‍ ആരുടേയും പേരെടുത്ത് പറയാതെ വിമര്‍ശിച്ചു. സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അവര്‍ ഗുജറാത്തില്‍നിന്നും അസമില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും നേതാക്കളെ കൊണ്ടുവന്ന് വിഷംകുത്തിവെച്ച് ആദിവാസികളേയും ദളിതരേയും പിന്നാക്കക്കാരേയും ന്യൂനപക്ഷങ്ങളേയും തമ്മില്‍ തല്ലിക്കും. അവര്‍ സമൂഹത്തെ മാത്രമല്ല, വീടുകളും പാര്‍ട്ടികളും പിളര്‍ത്തുന്നു. പണം ഉപയോഗിച്ച് അവര്‍ എം.എല്‍.എമാരെ വാങ്ങുന്നു. ഇപ്പോള്‍ നേതാക്കളും അതില്‍ വീണ് പാര്‍ട്ടി മാറുന്നു. എന്നാല്‍, ആശങ്കപ്പെടേണ്ടതില്ല. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഇന്ത്യ സഖ്യം ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്', എന്നായിരുന്നു ഹേമന്ത് സോറന്റെ വാക്കുകള്‍.
കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ പശ്ചമബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയ ചംപായ് സോറന്‍ ഡല്‍ഹിയില്‍ എത്തിയതോടെ ജെ.എം.എം. വിട്ടേക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. പിന്നാലെ, തനിക്ക് മറ്റുവഴികള്‍ തേടേണ്ടിവന്നിരിക്കുന്നുവെന്നും മൂന്ന് സാധ്യതകളാണ് മുന്നിലുള്ളതെന്നും വ്യക്തമാക്കി ചംപായ് സോറന്‍ രംഗത്തെത്തി. നേരത്തെ, ഹേമന്ത് സോറന്റെ സഹോദരഭാര്യയും എം.എല്‍.എയുമായ സീതാ സോറനും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
Content Highlights: Jharkhand CM Hemant Soren accuses BJP of poaching MLAs