അഭ്യൂഹങ്ങള്‍ക്കിടെ ചംപായി സോറൻ ഡൽഹിയിൽ; വ്യക്തിപരമായ കാര്യങ്ങൾക്കെത്തിയതെന്ന് പ്രതികരണം

ന്യൂഡൽഹി: ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെ.എം.എം നേതാവുമായ ചംപായി സോറൻ ഡൽഹിയിലെത്തി. ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ ചംപായി സോറൻ, താൻ ഡൽഹിയിൽ എത്തിയിരിക്കുന്നത് വ്യക്തിപരമായ കാര്യങ്ങൾക്കാണെന്നും പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിൽ കൊൽക്കത്തയിൽ വെച്ച് ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി ചംപായി സോറൻ ചർച്ച നടത്തിയതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹം ഡൽഹിയിൽ എത്തിയത്. ചംപയ് സോറനൊപ്പം ചില ജെഎംഎം നേതാക്കളും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഇതില്‍ എംഎല്‍എമാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹേമന്ദ് സോറൻ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ ചംപായി സോറൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നു. ഹേമന്ദ് സോറൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു. എന്നാൽ ഇത് ചംപായി സോറനെ അസ്വസ്ഥനാക്കിയിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങളും ശക്തമായിരിക്കുന്നത്.
Content Highlights: Hemant Soren Aide In Delhi Amid Switchover Buzz