ഭരണരീതിയിൽ അതൃപ്തി; ഹരിയാണ BJP സർക്കാരിനുള്ള പിന്തുണ പിൻവലിച്ചേക്കുമെന്ന സൂചനയുമായി സ്വതന്ത്ര MLA

ചണ്ഡീഗഢ്: സംസ്ഥാനത്തെ ബി.ജെ.പി. സര്‍ക്കാരിന്റെ ഭരണത്തിന്റെ രീതിയില്‍ അസംതൃപ്തിയുണ്ടെന്ന് ഹരിയാണയിലെ സ്വതന്ത്ര എം.എല്‍.എ. നയന്‍ പാല്‍ റാവത്ത്. സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിച്ചേക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. നിലവില്‍ ബി.ജെ.പി. സര്‍ക്കാരിനുള്ള
പിന്തുണ പിന്‍വലിച്ചിട്ടില്ല. എന്നാല്‍ ചില പരാതികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അവ പരിഹരിക്കപ്പെടുകയാണെങ്കില്‍ പ്രശ്‌നമില്ല. അല്ലെങ്കില്‍ തീരുമാനം വ്യാഴാഴ്ച മാധ്യമങ്ങളെ അറിയിക്കും, ബുധനാഴ്ച അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.
മേയ് മാസത്തില്‍ മൂന്ന് സ്വതന്ത്ര എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. നയന്‍ പാല്‍ റാവത്ത് കൂടി പിന്തുണ പിന്‍വലിക്കുന്ന പക്ഷം ഹരിയാണ ബി.ജെ.പി. സര്‍ക്കാരിന് ലോക്ഹിത് പാര്‍ട്ടി എം.എല്‍.എ. ഗോപാല്‍ കാണ്ടയുടെ പിന്തുണ മാത്രമേ അവശേഷിക്കുകയുള്ളൂ. പൃഥ്‌ല മണ്ഡലത്തെയാണ് നയന്‍ പ്രതിനിധീകരിക്കുന്നത്.
2019-ല്‍ സര്‍ക്കാര്‍ രൂപവത്കരണ വേളയില്‍ ഏഴ് എം.എല്‍.എമാരാണ് ബി.ജെ.പിയെ പിന്തുണച്ചിരുന്നത്. മൂന്ന് എം.എല്‍.എമാര്‍ മേയില്‍ പിന്തുണ പിന്‍വലിച്ചു. റാണിയ എം.എല്‍.എ. രഞ്ജിത് സിങ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഹിസാറില്‍നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. നിലവില്‍ ഹരിയാണ ഊര്‍ജമന്ത്രിയാണ് ഇദ്ദേഹം. ബാദ്ഷാപുറില്‍നിന്നുള്ള സ്വതന്ത്ര എം.എല്‍.എ. രാകേഷ് ദുല്‍താബാദ് മേയ് മാസത്തില്‍ അന്തരിച്ചു. മറ്റൊരു സ്വതന്ത്ര എം.എല്‍.എ. ബല്‍രാജ് കുണ്ടു, കോണ്‍ഗ്രസിനെയോ ബി.ജെ.പിയെയോ പിന്തുണയ്ക്കുന്നില്ല.
90 അംഗ നിയമസഭയാണ് ഹരിയാണയിലേത്. എന്നാല്‍ ഒരു എം.എല്‍.എയുടെ മരണം, മറ്റൊരു എം.എല്‍എ. ബി.ജെ.പിയില്‍ ചേര്‍ന്നത്, വേറൊരു എം.എല്‍.എ. ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത് എന്നിവയ്ക്കു പിന്നാലെ അംഗസംഖ്യ 87 ആയി മാറി.
ബി.ജെ.പി. 41, കോണ്‍ഗ്രസ് 29, ജെ.ജെ.പി. 10, സ്വതന്ത്രര്‍ 5, ഐ.എന്‍.എല്‍.ഡി 1, ഹരിയാണ ലോക്ഹിത് പാര്‍ട്ടി 1 എന്നിങ്ങനെയാണ് അംഗബലം.
Content Highlights: haryana independent mla hints parts ways with bjp