യുവാക്കൾ ഏറ്റുപാടിയ 'ഹമാരാ ബജാജ്': സാധാരണക്കാരനെ ബൈക്ക് പ്രേമിയാക്കിയ രാഹുൽ, നെഹ്റു നൽകിയ പേര്

രാഹുൽ ബജാജ് | Photo: PTI
രാഹുൽ ബജാജ് | Photo: PTI

ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരായ യുവാക്കളുടെ ഇരുചക്രമെന്ന സ്വപ്നം സാക്ഷാത്കരിച്ച വ്യവസായി ആയിരുന്നു അന്തരിച്ച രാഹുൽ ബജാജ്. അദ്ദേഹത്തിന്റെ കരുത്തുറ്റ നേതൃപദവി കാരണം കോടിക്കണക്കിനാളുകളുടെ ഹൃദയത്തിലേക്കായിരുന്നു ബജാജിന്റെ വളർച്ച. 1970 - 90 കാലഘട്ടത്തിൽ ബജാജ് ഇന്ത്യയുടെ ഇരുചക്ര വാഹനങ്ങളുടെ പ്രതീകമായിരുന്നു.

1926ലാണ് രാഹുൽ ബജാജിന്റെ പിതാമഹനായ ജംനാലാൽ ബജാജ്, ബജാജ് ഗ്രൂപ്പ് രൂപീകരിക്കുന്നത്. പഠനത്തിന് ശേഷം ബജാജ് ഓട്ടോയുടെ ചീഫ് എക്സിക്യൂട്ടിവ് ആയി രാഹുൽ ബജാജ് ചുമതല ഏറ്റു. ചുരുങ്ങിയ കാലത്തിനിടയ്ക്ക് തന്നെ കമ്പനി വിപുലീകരിച്ചു. ബജാജ് സിമന്റ്, ഇലക്ട്രിക്കൽസ്, സ്കൂട്ടർ എന്നിങ്ങനെയായി പടർന്ന് പന്തലിച്ചു. 

രാഹുൽ ബജാജ് സോണിയാ ഗാന്ധിക്കൊപ്പം | Photo: PTI

1938 ജൂണിലാണ് രാഹുൽ ബജാജിന്റെ ജനനം. കൊൽക്കത്തയിൽ വെച്ചായിരുന്നു ജനനം. 1958ൽ ഡൽഹിയിലെ സെന്റ്. സ്റ്റീഫൻ കോളേജിൽ നിന്ന് ബിരുദം, ഹർവാഡ് ബിസിനസ് സ്കൂളിൽ നിന്ന് എംബിഎ ബിരുദം നേടുകയായിരുന്നു. തുടർന്ന് ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു.

ബജാജ് ബൈക്ക് എന്ന സ്വപ്നം...

1950 - 60 കളിൽ ഓട്ടോ റിക്ഷയും മിനി ട്രക്കുകളുമായിരുന്നു ബജാജ് വിറ്റിരുന്നത്. 1960ൽ ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ വെസ്പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആധാരമാക്കി ബജാജ് ചേതക് എന്ന ഇരുചക്ര വാഹനം നിർമ്മിക്കുകയായിരുന്നു. ചേതകിന്റെ വരവോടെ, അന്ന് വരെ ഇല്ലാത്ത ഉയർച്ചയായിരുന്നു രാജ്യത്ത് ബജാജിന്. ബൈക്ക് പ്രേമികളായ യുവാക്കളുടെ ഹരമായി മാറുകയായിരുന്നു ചേതക്. ഏത് ഇരുചക്ര വാഹനമെടുത്താലും ചേതക്കിന്റെ തട്ട് ഇപ്പോഴും താണ് തന്നെയിരിക്കും.

ജപ്പാനിലെ കാവസാക്കിയുമായി ചേർന്ന് ഇന്ത്യയിൽ തദ്ദേശീയമായി മോട്ടോർസൈക്കിൾ പുറത്തിറക്കിയ ആദ്യത്തെ കമ്പനികളിലൊന്ന് കൂടിയാണ് ബജാജ്. 1990കളിൽ ബൈക്കുകളുടെ മോഡി വിപണിയിൽ നിന്ന് നഷ്ടപ്പെട്ട് തുടങ്ങിയപ്പോഴും ബജാജിന്റെ കാര്യത്തിൽ യാതൊരു മാറ്റവുമില്ലാതെ തുടരുകയായിരുന്നു. യുവാക്കളുടെ ബൈക്ക് പ്രേമം ചേതക്കിലൂടെ പ്രകടമാവുകയായിരുന്നു.

യുവാക്കളുടെ ഹരമായി മാറിയ 'ഹമാരാ ബജാജ്'

ഇപ്പോഴും കേൾക്കുമ്പോൾ ഗൃഹാതുരത്വമുണർത്തുന്ന പരസ്യങ്ങളിൽ ഒന്നാണ് 'ഹമാരാ ബജാജ്'. യുവാക്കളുടെ ഹരമായി മാറിയ ഹമാര ബജാജ് എന്ന പരസ്യത്തിനും ബജാജിന്റെ വളർച്ചയ്ക്ക് ഏറെ പ്രധാന്യമുണ്ട്. 

രാഹുൽ ബജാജിന്റെ പിതാവ് കമൽ നയൻ ബജാജും ഇന്ദിരാ ഗാന്ധിയും ഒരേ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. കമൽന‌യന്റെ മകന് രാഹുൽ എന്ന പേര് നിർദ്ദേശിച്ചത് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവായിരുന്നു. സോണിയയും രാജീവ് ഗാന്ധിയും മകന് രാഹുലെന്ന് പേരിട്ട് രാഹുൽ ബജാജിനോടുള്ള സ്നേഹത്തിന്റെ ഓർമ ആവർത്തിക്കുകയും ചെയ്തു.

Read more -  ബജാജ് ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രാഹുല്‍ ബജാജ് അന്തരിച്ചു

Content Highlights: Hamara Bajaj - Rahul Bajaj passed away

Content Highlights: