കഛിൽ 5300 വർഷം പഴക്കമുള്ള ഹാരപ്പൻ വാസസ്ഥലം, കണ്ടെത്തിയത് കേരള സർവകലാശാലാ ഗവേഷകർ

Photo: Mathrubhumi
Photo: Mathrubhumi

അഹമ്മദാബാദ്: കേരള സർവകലാശാലയുടെ പുരാവസ്തുശാസ്ത്ര വിഭാഗം ഗുജറാത്തിൽ കഛിലെ ലഖാപർ ഗ്രാമത്തിൽ 5300 വർഷം പഴക്കമുള്ള പ്രാചീന ഹാരപ്പൻ വാസസ്ഥലത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. മേഖലയിൽ പ്രാരംഭ ഹാരപ്പൻ ശവസംസ്കാരസ്ഥലത്തോടുചേർന്ന താമസസ്ഥലം കണ്ടെത്തുന്നത് ആദ്യമാണ്.

കേരളസർവകലാശാല പുരാവസ്തുപഠനവകുപ്പിലെ അസിസ്റ്റന്റ്‌ പ്രൊഫസർമാരായ ജി.എസ്. അഭയൻ, ഡോ. എസ്.വി. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ഈയിടെയാണ് ഉത്‌ഖനനംനടത്തിയത്. ഗഡൂലി-ലഖാപർ റോഡിന്റെ ഇരുവശങ്ങളിലായി മൂന്ന് ഹെക്ടറിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വലിയ കല്ലുകൊണ്ടുള്ള കെട്ടിടാവശിഷ്ടങ്ങൾ, ശവസംസ്കാരത്തെളിവുകൾ, മൺപാത്രങ്ങൾ, മുത്തുകൾ, വളകൾ തുടങ്ങിയവ കുഴിച്ചെടുത്തു. മൺപാത്രങ്ങൾ പ്രാരംഭ ഹാരപ്പൻ കാലമായ 3300 ബിസിഇ മുതലുള്ളവയാണ്. അപൂർവമായ പ്രീ-പ്രഭാസ് മൺപാത്രശേഖരവും ലഭിച്ചു. പ്രാരംഭ ഹാരപ്പൻ ജനതയ്ക്ക് പ്രാദേശിക ചെമ്പ്-ശിലായുഗ സമൂഹങ്ങളുമായുള്ള ബന്ധം സൂചിപ്പിക്കുന്നവയാണ് പ്രത്യേക രൂപമുള്ള ഈ പാത്രങ്ങളെന്ന് ഗവേഷകർ പറഞ്ഞു.

ലഖാപറിലെ ഉത്‌ഖനനം പടിഞ്ഞാറൻ കഛിൽ ഹാരപ്പൻകേന്ദ്രങ്ങളുടെ ശൃംഖല കണ്ടെത്താനുള്ള ഉദ്യമങ്ങളുടെ തുടർച്ചയാണ്. ജുനഖട്ടിയയിൽ 2019-22 ലും പട്താ ബേതിൽ 2024-ലും നടത്തിയവയുടെ തുടർച്ചയായാണ് 2025 മേയിൽ ഇവിടെ ആരംഭിച്ച ഖനനം. കേരള സർവകലാശാലയുടെ സാമ്പത്തികസഹായത്തോടെയുള്ള പദ്ധതിയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള അനേകം ഗവേഷണ സ്ഥാപനങ്ങൾ പങ്കാളികളാണ്.

Content Highlights: Kerala University archaeologists unearthed a 5300-year-old Harappan settlement in Lakhpat, Gujarat