ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട: 1000 കോടിയുടെ കൊക്കെയ്ൻ പിടികൂടി

#ന്യൂസ് ഡെസ്ക്
പിടികൂടിയ കൊക്കെയ്ന്‍
പിടികൂടിയ കൊക്കെയ്ന്‍

കച്ച്: ഗുജറാത്തിലെ കച്ച് തീരത്ത് കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും (ATS) ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിൽ 100 കിലോയിലധികം കൊക്കെയ്ൻ പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 1000 കോടി രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു. പാകിസ്താനിലെ പോർട്ട് ഖാസിമിൽനിന്ന് പുറപ്പെട്ട കപ്പലിൽനിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഏജൻസികൾ ഈ യൂറോപ്യൻ കപ്പൽ തടയുകയും പരിശോധന നടത്തുകയുമായിരുന്നു.

'യൂറോപ്പ്' എന്ന ചരക്കുകപ്പലിൽനിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. കപ്പൽ മുന്ദ്ര തീരത്ത് വെച്ച് കോസ്റ്റ് ഗാർഡ് തടയുകയായിരുന്നു. ഉദ്യോഗസ്ഥരെ കണ്ട പ്രതികൾ ലഹരിമരുന്ന് അടങ്ങിയ അഞ്ച് വലിയ ബാഗുകൾ കടലിലേക്ക് എറിഞ്ഞെങ്കിലും കോസ്റ്റ് ഗാർഡ് ഇവ വീണ്ടെടുത്തു. ബ്രസീലിൽനിന്ന് കൊണ്ടുവന്ന കൊക്കെയ്ൻ ഗുജറാത്ത് തീരംവഴി ഡൽഹിയിൽ എത്തിക്കാനായിരുന്നു പദ്ധതിയെന്ന് ഗുജറാത്ത് പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. 2025 നവംബറിൽ തന്നെ ലഹരിമരുന്ന് കപ്പലിന്റെ മോട്ടോർ റൂമിൽ അതീവ രഹസ്യമായി ഒളിപ്പിച്ചിരിക്കുകയായിരുന്നു.

കപ്പലിലുണ്ടായിരുന്ന ടാൻസാനിയൻ സ്വദേശിയായ ജുമ നാസിർ ഒമറിനെ ലഹരി കടത്തിയതിന് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യംചെയ്തതിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഡൽഹിയിൽ ലഹരിമരുന്ന് ഏറ്റുവാങ്ങാൻ കാത്തുനിന്ന നൈജീരിയൻ, ഉഗാണ്ടൻ സ്വദേശികളെയും പോലീസ് ഡൽഹിയിൽനിന്ന് പിടികൂടി. അതേസമയം, മറ്റൊരു പ്രതിയായ ടാൻസാനിയൻ സ്വദേശി എൻഗിംഗൈറ്റ് നാസറോ ജുമാനെ കടലിലേക്ക് ചാടി രക്ഷപ്പെട്ടു.

മയക്കുമരുന്ന് അടങ്ങിയ ബാഗുകൾ കൃത്യമായി ട്രാക്ക് ചെയ്യുന്നതിനായി പ്രതികൾ ആപ്പിൾ എയർടാഗുകളും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളും ഉപയോഗിച്ചിരുന്നു.

കപ്പലിന്റെ റൂട്ട്, ലഹരിമരുന്ന് എത്തിക്കാൻ പിന്നിൽ പ്രവർത്തിച്ചവർ, ഇതിന്റെ വിതരണ ശൃംഖല എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ വലിയ കൊക്കെയ്ൻ വേട്ടയാണിത്. മെയ് 19-നും 23-നും മുംബൈ വിമാനത്താവളത്തിൽ എത്യോപ്യയിലെ അഡിസ് അബാബയിൽനിന്ന് എത്തിയ യാത്രക്കാരിൽനിന്ന് കൊക്കെയ്ൻ ഗുളികകൾ പിടികൂടിയിരുന്നു.

ഇന്ത്യയുടെ പടിഞ്ഞാറൻ സമുദ്രാതിർത്തിയിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നായി ഇതിനെ വിലയിരുത്തുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Content Highlights: Joint operation by Gujarat ATS and Indian Coast Guard., Over 100kg of cocaine seized with a market value of ₹1000 crore., Drug shipment originated from Port Qasim, Pakistan., Third major cocaine seizure in India within a single week., Ongoing investigation into international distribution networks.