കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ആജീവനാന്ത ക്യാബിനറ്റ് പദവി നല്‍കി ഗോവയിലെ ബിജെപി സര്‍ക്കാര്‍

പ്രതാപ് സിങ് റാണെ | Photo: twitter/ DrPramodPSawant
പ്രതാപ് സിങ് റാണെ | Photo: twitter/ DrPramodPSawant

പനാജി: ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ആജീവനാന്ത ക്യാബിനറ്റ് പദവി നല്‍കി ബിജെപി സര്‍ക്കാര്‍. ഗോവയുടെ മുന്‍ മുഖ്യമന്ത്രി പ്രതാപ് സിങ് റാണെയ്ക്കാണ് ആജീവനാന്ത കാബിനറ്റ് മന്ത്രി പദവി നല്‍കാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു. നിലവില്‍ പൊരിയം മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് റാണെ.

ഗോവ നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മുന്‍ സ്പീക്കര്‍ കൂടിയായ റാണെയ്ക്കുള്ള ആദരമാണ് ഈ സ്ഥിരം കാബിനെറ്റ് പദവി. മുഖ്യമന്ത്രിയോ സ്പീക്കറോ ആയിട്ടുള്ള, നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന എംഎല്‍എമാര്‍ക്ക് ഇനി മുതല്‍  ഇത്തരത്തില്‍ സ്ഥിരം കാബിനറ്റ് പദവി നല്‍കുമെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി. 87-കാരനായ റാണെ 1987-2007 വര്‍ഷത്തിനിടയില്‍ നാല് തവണ ഗോവയുടെ മുഖ്യമന്ത്രിയായിട്ടുണ്ട്. 

റാണെയുടെ മകന്‍ വിശ്വജിത് റാണെ നിലവില്‍ ബിജെപി മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയാണ്. രാഷ്ട്രീയത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ അച്ഛനെ ആദരിച്ചതില്‍ ഗോവന്‍ സര്‍ക്കാരിനോട് ഒരുപാട് നന്ദിയുണ്ടെന്ന് വിശ്വജിത് ട്വീറ്റ് ചെയ്തു. 

ഈ വര്‍ഷം ആദ്യം രാജ്യത്തെ മറ്റു നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം ഗോവയിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയുടെ നാടകീയ നീക്കം. പൊരിയം മണ്ഡലത്തില്‍ അച്ഛനും മകനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെ വന്നാല്‍ 11,000-ത്തിലേറെ വോട്ടുകള്‍ക്ക് താന്‍ അച്ഛനെ തോല്‍പ്പിക്കുമെന്നും വിശ്വജിത് അവകാശപ്പെട്ടിരുന്നു. 

Content Highlights: Goa Ex-Chief Minister Pratapsingh Rane Gets Lifetime Cabinet Status

Content Highlights: